സൗദി അറേബ്യയിലെ റിയാദില്‍ മൂന്നു മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍ ജോലി ചെയ്‌തിരുന്ന ക്ലിനിക് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതാണ് ഇവര്‍ക് വിനയായത്. സാറാമ്മ വര്‍ഗീസ്, സുഭദ്ര ഓമനക്കുട്ടന്‍, ശ്രീലത വാസുദേവന്‍ നായര്‍ എന്നിവരാണ് രണ്ടു വര്‍ഷമായി ശമ്പളമോ നിയമസഹായമോ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. പതിനെട്ടു വര്‍ഷമായി ഒബ്‌ത്തെയ്‌ദുള്ള അല്‍ ഷരീഫ് എന്ന സൗദി സ്വദേശിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ റിയാദിലെ അല്‍ ഹാദി പോളി ക്ലിനിക്കില്‍ ജോലിചെയ്‌തു വരികയായിരുന്നു മൂവരും. 2009 ല്‍ അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ഫൈസല്‍ ഷരീഫ് ക്ലിനിക്കിന്റെ ചുമതലയേറ്റെടുത്തു. പിന്നീട്, ജീവനക്കാരെ അടക്കം ഈ ക്ലിനിക് അദ്ദേഹം സൗദി സ്വദേശിയായ ഫഹദ് അല്‍ സമരിക്ക് രണ്ടുവര്‍ഷത്തേക്കു പാട്ടത്തിനു നല്‍കി.
എന്നാല്‍ സമരി ഒന്‍പതു മാസത്തിനുശേഷം 2010 ജനുവരി മൂന്നിന് ക്ലിനിക് അടച്ചുപൂട്ടി. ജോലിക്കാരായ നഴ്‌സുമാര്‍ക്ക് അറിയിപ്പു നോട്ടീസ് നല്‍കുകയോ മറ്റെവിടെയെങ്കിലും ജോലിക്കു ശ്രമിക്കാനുള്ള സാവകാശമോ നല്‍കിയില്ല. ക്ലിനിക് അടച്ചുപൂട്ടിയ അന്നു മുതല്‍ നഴ്‌സ്മാര്‍ക്കു ശമ്പളം ലഭിക്കുന്നില്ല. സൗദിയിലെ തിരിച്ചറിയല്‍ രേഖയായ ഇഖാമയുടെ കാലാവധി ഇതിനുള്ളില്‍ അവസാനിച്ചു. പുതിയ ഇഖാമയ്‌ക്ക് അപേക്ഷിച്ചെങ്കിലും സ്‌പോണ്‍സര്‍ കൈമലര്‍ത്തി. ഇവരുടെ പാസ്‌പോര്‍ട്ട്, നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍, ഇക്കാമ, ലൈസന്‍സ് തുടങ്ങിയവയും ക്ലിനിക്കിന്റെ പാട്ടക്കരാര്‍ വേളയില്‍ ഇവരെ അറിയിക്കാതെ ഫഹദ് അല്‍ സമരിക്കു കൈമാറിയിരുന്നു.
ജോലി നഷ്‌ടപ്പെടതോടെ നഴ്‌സുമാര്‍ സൗദിയിലെ ലേബര്‍ കോടതിയെ സമീപിച്ചു. സാറാമ്മയ്‌ക്ക് 27,200 റിയാലും സുഭദ്രയ്‌ക്ക് 24,000 റിയാലും ശ്രീലതയ്‌ക്ക് 22,400 റിയാലും ക്ലിനിക് അടച്ചുപൂട്ടിയ കാലത്തെ ശമ്പളമായി നല്‍കാന്‍ വിധിയായി. ഇക്കാമ പുതുക്കി നല്‍കിയശേഷം ലൈസന്‍സും സര്‍ട്ടിഫിക്കറ്റുകളും മടക്കിനല്‍കാനും കോടതി ഉത്തരവിട്ടു. ഇതിനെതിരേ ഫഹദ് സമരി ഹര്‍ജി നല്‍കി. ഈ ഹര്‍ജി പരിഗണിക്കവേ അറബിയില്‍ തയാറാക്കിയ ഒരു രേഖയില്‍ ഒപ്പുവയ്‌ക്കാന്‍ ഇക്കഴിഞ്ഞ ജനുവരി 24 ന് പുതിയ ജഡ്‌ജി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള ദ്വിഭാഷിയുടെ ഉപദേശം അനുസരിച്ച് നഴ്‌സുമാര്‍ ഇതില്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു.
എന്നാല്‍, ഇതിനുശേഷം നഴ്‌സുമാരുടെ അപേക്ഷയും ആദ്യവിധിയും റദ്ദാക്കി കേസ് അവസാനിപ്പിച്ചതായി അറിയിപ്പുകിട്ടി. വിധിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടെങ്കിലും സൗദിക്കാരനായ വക്കീലുമായി വരാന്‍ നിര്‍ദേശിച്ചു തിരിച്ചയച്ചു. നിയമസഹായം ആവശ്യപ്പെട്ട് പലതവണ ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു നഴ്‌സുമാര്‍ പറയുന്നു. സര്‍ക്കാരിന്റെയും എംബസിയുടേയും ഭാഗത്തുനിന്നും സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൂന്നു കൂടുംബങ്ങളുടെ ആശ്രയമായ ഈ മലയാളി നഴ്‌സുമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല