സ്വന്തം ലേഖകൻ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ മുന്നണിയുണ്ടാക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും. കോണ്‍ഗ്രസിനെയും ബി.ജെ.പി.യെയും ഒരുപോലെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം വെച്ചാണ് മുന്നണി നീക്കം. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും തമ്മില്‍ വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് തിരഞ്ഞെടുപ്പിനെ ഒന്നിച്ചു നേരിടാന്‍ ധാരണയായത്.
മുന്നണി വിപുലീകരിക്കുന്നതിനായി മമതാ ബാനര്‍ജി ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെയും സന്ദര്‍ശിക്കും. ഇതുവഴി ബിജു ജനതാദളിനെക്കൂടി സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമം. നിലവില്‍ ബി.ജെ.പി. രാഹുല്‍ഗാന്ധിയെയാണ് പ്രതിപക്ഷ കക്ഷികളുടെ മുഖ്യ നേതാവായി ചിത്രീകരിക്കുന്നത്. ഈ നീക്കത്തെ തടയിടലാണ് മമതയുടെയും അഖിലേഷിന്റെയും നേതൃത്വത്തിലുള്ള സഖ്യ കക്ഷികളുടെ ശ്രമം.
പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാക്കളുടെ മൈക്ക് മ്യൂട്ട് ചെയ്‌തെന്ന് ലണ്ടനില്‍വെച്ച് രാഹുല്‍ഗാന്ധി പ്രസംഗിച്ചിരുന്നു. വിവാദമായ ലണ്ടന്‍ പ്രസംഗത്തില്‍ രാഹുലിനെക്കൊണ്ട് മാപ്പു പറയിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. രാഹുലിനെ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി. തങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്നാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല