1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2019

സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിനെതിരായ ധര്‍ണ്ണ അവസാനിപ്പിച്ചു; ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് മമത ബാനര്‍ജി; ഇനി ഡല്‍ഹിയില്‍ കാണാമെന്നും വെല്ലുവിളി; കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കെതിരെ നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയാണ് ഉണ്ടായതെന്നും അതിനാല്‍ ധര്‍ണ അവസാനിപ്പിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.

ധര്‍ണ ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും അടുത്ത ആഴ്ച ഈ വിഷയം ഉന്നയിച്ച് ദല്‍ഹിയില്‍ സമരം ആരംഭിക്കുമെന്നും മമത വ്യക്തമാക്കി. സംസ്ഥാന ഏജന്‍സികള്‍ ഉള്‍പ്പെടെ എല്ലാ ഏജന്‍സികളെയും നിയന്ത്രിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദല്‍ഹിയില്‍ ഒറ്റ പാര്‍ട്ടി ഭരണവും ഒറ്റയാള്‍ സര്‍ക്കാരുമാണ്. പ്രധാനമന്ത്രി രാജിവച്ച് ഗുജറാത്തിലേക്കു പോകണമെന്നും മമത ആവശ്യപ്പെട്ടു.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രിയാണ് കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചത്. ‘ഭരണഘടന സംരക്ഷിക്കുക’ എന്നാവശ്യപ്പെട്ടാണ് മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം മമത ബാനര്‍ജി മെട്രോ സ്റ്റേഷനില്‍ ധര്‍ണ ആരംഭിച്ചത്. സി.ബി.ഐയ്ക്ക് എതിരെയല്ല കേന്ദ്ര സര്‍ക്കാരിനെതിരെയാണ് തന്റെ യുദ്ധമെന്നും മമതാ ബനാര്‍ജി പറഞ്ഞിരുന്നു.

അതിനിടെ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അച്ചടക്കനപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. മമതയുടെ ധര്‍ണയില്‍ പങ്കെടുത്തത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കത്ത്. സി.ബി.ഐ. നല്‍കിയ ഹരജിയില്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് സുപ്രീം കോടതി ഉറപ്പ് നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.