സ്വന്തം ലേഖകന്‍: ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം, കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി. ബിജു രാധാകൃഷ്ണന്റെ സിഡി യാത്രയെ വിടാതെ പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത് മലയാള മാധ്യമങ്ങള്‍ നാണംകെട്ടതിനു തൊട്ടുപുറകെയാണ് വിമര്‍ശനവുമായി മമ്മൂട്ടി രംഗത്തെത്തിയത്.
ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കുന്നത് പോലെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് മമ്മൂട്ടിയുടെ പരാതി. വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ ഇപ്പോള്‍ സംഭവിയ്ക്കുന്നത് ആദ്യം റിപ്പോര്‍ട്ടിംഗ്, പിന്നെ സത്യം എന്ന രീതിയാണെന്ന് മമ്മൂട്ടി പറയുന്നു.
കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ സംവാദങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല, വിവാദങ്ങള്‍ മാത്രമേ ഉണ്ടാകുന്നുള്ളു. ഇന്നത്തെ കാലത്ത് പത്രഫോട്ടാഗ്രര്‍മാരുടെ ശൈലി റിപ്പോര്‍ട്ടിങ്ങിലേയ്ക്കും കടന്നു വന്നിരിയ്ക്കുന്നു എന്നാണ് മമ്മൂട്ടിയുടെ നിരീക്ഷണം.
പത്രഫോട്ടോഗ്രാഫര്‍മാര്‍ ആദ്യം ക്ലിക്ക് ചെയ്യും, പിന്നെയാണ് ഫോക്കസ് ചെയ്യുക. അവരുടെ മുന്നിലെ സംഭവം പകര്‍ത്തുക എന്നതാണ് അവരുടെ ആദ്യത്തെ ലക്ഷ്യം. ഇപ്പോള്‍ അഭിപ്രായങ്ങളെ കുറിച്ചല്ല, അഭിപ്രായം പറയുന്ന ആളെക്കുറിച്ചാണ് വിലയിരുത്തലുകള്‍ നടക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
എകെ ആന്റണിയില്‍ നിന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന പിഎസ് ജോര്‍ജ്ജിന്‌റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല