സ്വന്തം ലേഖകൻ: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ മമ്മൂട്ടിയുടെയും മഞ്ജുവിന്റെയും കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.
നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. ജനുവരി ഒന്നിന് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്‌ടെയിൽ’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോൻ എന്നിവരാണ് മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ തിരക്കഥ. സംവിധായകൻ ജോഫിന്റേത് തന്നെയാണ് കഥ.
മമ്മൂക്കയ്‌ക്കൊപ്പമുള്ള സിനിമ എന്ന ആഗ്രഹം സഫലമാകുകയാണെന്നും വലിയ സന്തോഷമുണ്ടെന്നും മഞ്ജു റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പമെല്ലാം മഞ്ജു വാരിയർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഇതു വരെ മഞ്ജുവിന് സാധിച്ചിരുന്നില്ല. സിനിമയിലെ പ്രധാന താരങ്ങളായി മമ്മൂട്ടിയും മഞ്ജുവും എത്തുമ്പോൾ നിഖില വിമൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 2020 ൽ തന്നെ ചിത്രം തിയറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല