സ്വന്തം ലേഖകന്‍: ചിരിയുടെ തമ്പുരാന് സ്വാഗതം എന്ന വചനങ്ങള്‍ക്കു മുന്നിലൂടെ വീല്‍ചെയറില്‍ ജഗതി ശ്രീകുമാര്‍ വേദിയിലേക്ക് കടന്നുവരുമ്പോള്‍ ഓര്‍മകളുടെ തിരശ്ശീലകളായിരുന്നു എല്ലാ മനസ്സുകളിലും ഉയര്‍ന്നത്. ‘യോദ്ധ’യിലെ അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ‘ഉദയനാണ് താര’ത്തിലെ പച്ചാളം ഭാസിയും ‘കിലുക്ക’ത്തിലെ നിശ്ചലും ‘മീശമാധവനി’ലെ ഭഗീരഥന്‍ പിള്ളയും അടക്കമുള്ള കഥാപാത്രങ്ങള്‍ കാണികളുടെ മനസ്സിലൂടെ കടന്നുപോകുമ്പോള്‍ ചെറിയൊരു പുഞ്ചിരിയോടെ ജഗതി വീല്‍ചെയറില്‍ നിശ്ശബ്ദനായിരുന്നു. ജഗതിയെ സാക്ഷിയാക്കി മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലെ സ്‌ക്രീനില്‍ ആ പരസ്യചിത്രം റിലീസ് ചെയ്തതോടെ കാത്തിരുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷത്തില്‍ സദസ്സ് കൈയടികളാല്‍ നിറഞ്ഞു.
കാറപകടത്തില്‍പ്പെട്ട് ഏഴു വര്‍ഷത്തിലേറെയായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവാണ് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ആഘോഷമാക്കിയത്. ജഗതി അഭിനയിച്ച സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രം ഇരുവരും ചേര്‍ന്ന് റിലീസ് ചെയ്തു. അതോടൊപ്പം ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ നടന്നു. പൊട്ടിച്ചിരി മാത്രമായിരുന്നില്ല, എല്ലാ വികാരങ്ങളുടെയും വിളനിലമായിരുന്നു ജഗതിയെന്ന് മമ്മൂട്ടി പറഞ്ഞു. അപകടത്തില്‍പ്പെട്ട് ജഗതി നിശ്ശബ്ദനായത് നമുക്കെല്ലാം സങ്കടകരമായ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ് നമ്മളെല്ലാം ഏറെ നാളായി കാത്തിരുന്നതാണെന്നും മമ്മൂട്ടി പറഞ്ഞു.
ജഗതി എന്നാല്‍ എന്നും എന്റര്‍ടെയ്‌നറായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഒരുകാലത്തും മലയാളികളുടെ മനസ്സില്‍ നിന്ന് മായില്ല. അമ്പിളിച്ചേട്ടന്‍ അഭിനയിച്ചിട്ട് ഏഴു വര്‍ഷമായെങ്കിലും ഇന്നും എല്ലാ ദിവസവും മലയാളികള്‍ അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ ചെയര്‍മാന്‍ പി.കെ. അബ്ദുള്‍ ജലീല്‍, മാനേജിങ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍, പരസ്യചിത്ര സംവിധായകന്‍ സിദിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മനോജ് കെ. ജയന്‍, വിനീത്, പ്രേംകുമാര്‍, സായികുമാര്‍, ബിന്ദു പണിക്കര്‍, കെ.പി.എ.സി. ലളിത, മഞ്ജു പിള്ള, പൊന്നമ്മ ബാബു, രമേശ് പിഷാരടി, മാമുക്കോയ, എസ്.എന്‍. സാമി, എം. രഞ്ജിത്, ദേവന്‍, അബു സലിം, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല