സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച നടനുള്ള പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടികയില്‍ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ഇടം പിടിച്ചു. വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ അവസാന റൗണ്ടിലെത്തിച്ചത്.
പി കെ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനവുമായി അമീര്‍ ഖാനും ഹൈദര്‍ എന്ന ചിത്രത്തിലെ പ്രകടനവുമായി ഷാഹിദ് കപൂറും മമ്മൂട്ടിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്.
തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ്, സംവിധായകന്‍ കമല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രത്തിലെ പി കെ രാഘവന്‍ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
പ്രിയങ്കാ ചോപ്രയും കങ്കണാ റണൗട്ടുമാണ് മികച്ച നടിക്കുള്ള പുരസ്‌ക്കാരത്തിനായി ഒപ്പത്തിനൊപ്പം. ക്വീന്‍ എന്ന ചിത്രവുമായി കങ്കണയെയും മേരികോമുമായി പ്രിയങ്കയും അവസാന റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചു.
മുന്നറിയിപ്പ് ഉള്‍പ്പെടെ പതിനൊന്ന് മലയാള ചിത്രങ്ങളാണ് വിവിധ അവാര്‍ഡുകള്‍ക്കായി മത്സരിക്കുന്നത്. ജയരാജ് ചിത്രം ഒറ്റാല്‍, സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍പൊക്കം, കെ മുഹമ്മദ് കോയയുടെ അലിഫ്, എം പത്മകുമാറിന്റെ ജലം, നടന്‍ സലിംകുമാര്‍ സംവിധാനം ചെയ്ത കംപാര്‍ട്ട്‌മെന്റ്, പ്രിയനന്ദനന്റെ ഞാന്‍ നിന്നോട് കൂടെയുണ്ട്, സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍, പത്മകുമാറിന്റെ മൈ ലൈഫ് പാര്‍ട്ണര്‍, രഞ്ജിതിന്റെ ഞാന്‍, അഞ്ജലി മേനോന്റെ ബാഗ്ലൂര്‍ ഡേയ്‌സ് എന്നിവയാണ് മലയാളത്തില്‍ നിന്ന് മത്സരിക്കുന്ന മറ്റു ചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല