സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പത്മാ പുരസ്ക്കാരങ്ങളിൽ അർഹതയുള്ളവർ തഴയപ്പെട്ടോ എന്ന ചോദ്യമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തന്റെ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ പത്മാ പുരസ്ക്കാര പട്ടികയിൽ നിന്നും തഴയപ്പെട്ടോ എന്ന ചോദ്യം സതീശൻ ഉയർത്തുന്നത്. 98 ലെ പത്മശ്രീ കിട്ടിയ അതേ നിലയിൽ നിൽക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെന്നും കാൽ നൂറ്റാണ്ടിനിപ്പുറവും അദ്ദേഹത്തിന് മറ്റൊരു പത്മാ പുരസ്ക്കാരം നൽകാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നും സതീശൻ തന്റെ പോസ്റ്റിലൂടെ വിമർശിക്കുന്നു.
മമ്മൂട്ടിയെ കൂടാതെ കേരളത്തിലെ വിവിധ മേഖലകളിലെ ഒരു പിടി പ്രതിഭകളുടെ പേരുകളും പുരസ്ക്കാരത്തിന് അർഹതപ്പെട്ടവരെന്ന തരത്തിൽ വി ഡി സതീശൻ തന്റെ പോസ്റ്റിൽ പരാമർശിക്കുന്നു. ശ്രീകുമാരൻ തമ്പി, സുജാതാ മോഹൻ, സാറാ ജോസഫ്, എം എൻ കാരിശ്ശേരി, ടി പദ്മനാഭൻ, തുടങ്ങിയ ഒട്ടേറെ പേർ കാലങ്ങളായി പുരസ്ക്കാരം ലഭിക്കാതെ തഴയപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് തന്റെ പോസ്റ്റിലൂടെ പറഞ്ഞു വെക്കുന്നു. ഒപ്പം നിലവിലെ പുരസ്ക്കാര ജേതാക്കൾക്ക് ആശംസകളും അറിയിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
മമ്മൂട്ടിയെ തഴഞ്ഞതും പഴയ തിരുവിതാംകൂര്‍ രാജകുടുംബാഗം ഗൗരി ലക്ഷ്മബായിക്ക് പുരസ്കാരം നല്‍കിയതുമാണ് വിമര്‍ശനത്തിന് വഴിയൊരുക്കിയത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ കരിഞ്ഞുപോകും എന്ന പഴയ പരാമര്‍ശം ഉയര്‍ത്തിയാണ് ഗൗരി ലക്ഷ്മിബായിക്കെതിരെ സമൂഹമാധ്യമങ്ങളിലെ പടനീക്കം.
രാജ്യത്ത് ജനാധിപത്യത്തിന്റെ ശക്തി ക്ഷയിച്ചതുകൊണ്ടാണ് മമ്മൂട്ടി തഴയപ്പെടുന്നതും ഗൗരി ലക്ഷ്മിബായി ആദരിക്കപ്പെടുന്നതുമെന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകളില്‍ മമ്മൂട്ടിയും ഗൗരി ലക്ഷ്മിബായിയും തമ്മില്‍ താരതമ്യത്തിനുപോലും വകുപ്പില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ സന്ദീപ് ദാസ് അഭിപ്രായപ്പെടുന്നു.
മമ്മൂട്ടി അശാസ്ത്രിയത പറയുകയോ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിക്കുകയോ ചെയ്യാറില്ല. വര്‍ത്തമാനകാല ഇന്ത്യയില്‍ അതൊരു വലിയ അയോഗ്യതയാണ്. ഈ അവാര്‍ഡില്ലായ്മയാണ് മമ്മൂട്ടിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ‍് എന്നും സന്ദീപ് ദാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല