സ്വന്തം ലേഖകന്‍: തനി കാസര്‍ഗോഡന്‍ ഭാഷയില്‍ പൊളിച്ചടുക്കി മമ്മൂട്ടി, തരംഗമായി പുത്തന്‍ പണത്തിന്റെ രണ്ടാ ടീസറെത്തി. ടീസറില്‍ കാസര്‍ഗോഡ് ഭാഷയില്‍ സംസാരിക്കുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതും, കള്ളപ്പണത്തിന്റെ കഥകളും പ്രമേയമാകുന്ന രഞ്ജിത് മമ്മൂട്ടി കൂട്ടുകെട്ടിന്റെ ചിത്രമാണ് പുത്തന്‍ പണം.
നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കയ്യൊപ്പ്, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് സമീപകാലത്ത് മമ്മൂട്ടിയും രഞ്ജിത്തും കൈ കോര്‍ത്തത്.
നോട്ടിനായുള്ള നെട്ടോട്ടവും, നോട്ട് നിരോധനത്തിന് പിന്നിലെ കാണാകാഴ്ച്ചകളും, സമകാലിക സംഭവങ്ങളും ചിത്രത്തില്‍ തെളിയുമെന്നാണ് സൂചന. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം വിഷുവിനോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് വിവരം.
മമ്മൂട്ടിയെ കൂടാതെ രഞ്ജി പണിക്കര്‍, മാമുക്കോയ, സിദ്ദിഖ്, ഇനിയ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ഓംപ്രകാശ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമക്ക് സംഗീതം നല്‍കുന്നത് ഷഹബാസ് അമന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല