അപകടത്തില്‍ പരിക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിനെ കാണാനും ബന്ധുക്കളെ ആശ്വസിപ്പിയ്ക്കാനും നടന്‍ മമ്മൂട്ടിയെത്തി. എറണാകുളത്ത് നടക്കുന്ന കിങ് ആന്റ് കമ്മീഷണര്‍ സിനിമയുടെ അവസാന ജോലികള്‍ക്കിടയില്‍ നിന്നാണ് മമ്മൂട്ടി കോഴിക്കോട്ടെത്തിയത്. ആശുപത്രിയിലെത്തിയ മമ്മൂട്ടി ജഗതിയുടെ മക്കളെ ആശ്വസിപ്പിച്ചു. ജഗതിയെ പൂര്‍ണാരോഗ്യത്തോടെ തിരിച്ചുതരണമെന്ന് അദ്ദേഹം ഡോക്ടര്‍മാരോടും നഴ്‌സുമാരോടും പറഞ്ഞു. നിര്‍മാതാവ് ആന്റോ ജോസഫും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇതിനിടെ മമ്മൂട്ടി എത്തുമെന്നറിഞ്ഞ് തടിച്ചൂകൂടിയ ജനം ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിനും വഴിവച്ചു. കുരുമുളക് സ്പ്രേ പ്രയോഗിച്ച് ജനക്കൂട്ടത്തെ അകറ്റിയശേഷമാണ് മമ്മൂട്ടി തിരികെപ്പോകാന്‍ സാധിച്ചത്. . ആരാധകരുടെ സ്‌നേഹപ്രകടനം അതിരുവിട്ടതിനെ തുര്‍ന്ന് സൂപ്പര്‍താരം ഇടയ്ക്ക് പൊട്ടിത്തെറിയ്ക്കുകയും ചെയ്തു. മമ്മൂട്ടിയ്ക്ക് പുറമെ ചലച്ചിത്രതാരങ്ങളായ സിദ്ദിഖ്, കലാഭവന്‍ മണി, സായികുമാര്‍, ബിന്ദു പണിക്കര്‍, മന്ത്രി എപി അനില്‍കുമാര്‍, കെ സുധാകരന്‍ എംപി എന്നിവരും ജഗതിയെ കാണാനെത്തി.
ജഗതിയ്ക്ക് വീണ്ടും ശസ്ത്രക്രിയ
വാഹനാപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ ചൊവ്വാഴ്ച വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ജഗതിയുടെ കാലിലെയും തുടയെല്ലിലെയും പൊട്ടല്‍ നേരെയാക്കുന്നതിനാണ് ശസ്ത്രക്രിയ.ശസ്ത്രക്രിയയ്ക്കായി ലോകനിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും ജഗതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു. ഡോക്ടര്‍ ജോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.
എല്ലുകളിലെ മൂന്നിടത്താണ് പൊട്ടല്‍ ഉള്ളത്. മൂന്ന് ശസ്ത്രക്രിയകളും ഒരുമിച്ചാണ് നടത്തുക. നേരത്തെ ആന്തരീക രക്തസ്രാവം നിയന്ത്രിക്കുന്നതിന് ജഗതിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനാല്‍ കാലിലെയും തുടയെല്ലിലെയും പൊട്ടല്‍ നേരെയാക്കുന്നതിനുള്ള ശസ്ത്രക്രിയ പിന്നീടത്തേക്ക് മാറ്റുകയായിരുന്നു.ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ബുധനാഴ്ച വെന്റിലേറ്ററില്‍ നിന്നും ജഗതിയെ മാറ്റിയേക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല