1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2012

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ മഹാമേരു കണക്കെ രണ്ടു മെഗാതാരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന്‌ വിശേഷിപ്പിക്കാവുന്ന മമ്മൂട്ടിയും മോഹന്‍ലാലും. വ്യക്‌തിപരമായി അടുത്ത സുഹൃത്തുക്കളാണെങ്കിലും കരിയറില്‍ ഇരുവരും തമ്മില്‍ കനത്ത മല്‍സരത്തിലാണ്‌. അഭിനയത്തിന്റെ കാര്യത്തിലും അവാര്‍ഡുകളുടെ എണ്ണത്തിലും, ഫാന്‍സ്‌ അസോസിയേഷനുകളുടെ കാര്യത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമൊക്കെ ഈ മല്‍സരം കാണാം.

മേല്‍പ്പറഞ്ഞവയിലെല്ലാം ഇരുവരും ഇടിച്ചിടിച്ചുനില്‍ക്കുന്നുണ്ട്‌. എന്നാല്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുന്നതിലും അത്‌ ഉപയോഗിക്കുന്നതിലും മമ്മൂക്ക ഒരുപടി മുന്നിലാണ്‌. ബ്‌ളോഗ്‌, വെബ്‌സൈറ്റ്‌ എന്നിവയിലെല്ലാം ആദ്യം ചുവടുറപ്പിച്ചത്‌ മമ്മൂട്ടിയായിരുന്നു. എന്നാല്‍ ആരാധകരുടെ സഹായത്തോടെ മോഹന്‍ലാലും ഈ രംഗങ്ങളിലെല്ലാം ശക്‌തമായ സ്വാധീനമായി. ട്വിറ്ററില്‍ മോഹന്‍ലാലാണ്‌ ഒന്നാമത്‌. എന്നാല്‍ ഇപ്പോഴിതാ ഏറ്റവും ജനപ്രിയ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്‌ബുക്കില്‍ മമ്മൂട്ടി ഒരു ലക്ഷം ആരാധകരെ നേടി ഒന്നാം സ്ഥാനത്ത്‌ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. ഫാസിനേറ്റിംഗ്‌ 100000 എന്ന തരത്തില്‍ പ്രൊഫൈല്‍ ചിത്രം പോസ്‌റ്റ്‌ ചെയ്‌താണ്‌ മമ്മൂക്ക ഈ നേട്ടം ആഘോഷമാക്കുന്നത്‌.

ഫേസ്‌ബുക്കിലൂടെ കൂടുതല്‍ ആരാധകരെ നേടുന്നതിനുമപ്പുറമാണ്‌ മമ്മൂട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. ദിവസേന അപ്‌ഡേറ്റ്‌ ചെയ്യുകയും തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ ശക്‌തമായ ഒരു മാധ്യമമാക്കി ഫേസ്‌ബുക്കിനെ മാറ്റാനും അദ്ദേഹത്തിന്‌ സാധിച്ചിട്ടുണ്ട്‌. മമ്മൂട്ടിയുടെ ജീവകാരുണ്യ പദ്ധതിയായ കാരുണ്യ കെയര്‍ ആന്റ്‌ ഷെയറിനെക്കുറിച്ച്‌ ഫേസ്‌ബുക്കിലൂടെ അറിഞ്ഞ അബുദാബിയിലെ ഷെര്‍വുഡ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗ്രൂപ്പ്‌ ഒരുകോടി രൂപയാണ്‌ സംഭാവന നല്‍കിയത്‌.

നൂറ്‌ കുട്ടികളുടെ ഹൃദയശസ്‌ത്രക്രിയ നടത്താന്‍ ലക്ഷകണക്കിന്‌ രൂപയുടെ സഹായം മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫേസ്‌ബുക്ക്‌ വഴി ലഭിച്ചു. കൂടാതെ ഫേസ്‌ബുക്ക്‌ വഴി മലയാള സിനിമയിലെ അന്തരിച്ച കലാകാരന്‍മാരുടെ സ്‌മരണ നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള ചിത്രങ്ങള്‍ പോസ്‌റ്റുകളും മമ്മൂട്ടി ഇടാറുണ്ട്‌. ഏതായാലും മോഹന്‍ലാലിന്റെ ആരാധകരും വാശിയിലാണ്‌, ഫേസ്‌ബുക്ക്‌ വഴി തങ്ങളുടെ പ്രിയതാരത്തെ സൈബര്‍ലോകത്തിലും ഒന്നാമതെത്തിക്കാന്‍ അവര്‍ തീവ്രമായ ശ്രമത്തിലാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.