സ്വന്തം ലേഖകൻ: യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മമ്മൂട്ടിയും ഭാര്യ സുൽഫത്തും. അവാർഡ് നൈറ്റ് കഴിഞ്ഞു കഴിഞ്ഞു ഒരു രാത്രി മാഞ്ചസ്റ്ററിൽ തങ്ങിയ ശേഷം കഴിഞ്ഞ ദിവസം രാവിലെ ലണ്ടനിൽ പോകാനാണ് കാർ യാത്ര തിരഞ്ഞെടുത്തത്. കാർ വിട്ടു നൽകാൻ അവാർഡ് നൈറ്റിന്റെ മുഖ്യ സംഘാടകനും ആനന്ദ് ടിവി ചെയർമനുമായ എസ്. ശ്രീകുമാർ തയ്യാറായെങ്കിലും ഒപ്പം ചെല്ലാൻ പറ്റാത്ത സാഹചര്യങ്ങളായിരുന്നു.
ഡ്രൈവറെ വെച്ച് തന്റെ ‘ബിഎംഡബ്ല്യൂ എക്സ് ഫൈവ് എം സ്‌പോർട്’ കാർ വിട്ടു നൽകാൻ ഒരുങ്ങിയ ശ്രീകുമാറിനോട് താൻ ഡ്രൈവ് ചെയ്തോളാം എന്നായി മമ്മൂട്ടി. മമ്മൂട്ടിയുടെ ആഗ്രഹം സ്നേഹപൂർവ്വം സ്വീകരിച്ച ശ്രീകുമാർ ഉടൻ തന്നെ തന്റെ കാർ മമ്മൂട്ടിക്കും യുകെ റോഡുകളിൽ ഡ്രൈവ് ചെയ്തു പോകാൻ കഴിയും വിധം ഇൻഷുറൻസ് എടുത്തു.
തുടർന്നു കാറിന്റെ കീ വാങ്ങി മമ്മൂക്ക ലണ്ടനിലേക്ക് ഏകദേശം 250 മൈലോളം (400 ൽപ്പരം കിലോമീറ്റർ) ഡ്രൈവ് ചെയ്തു പോയി. ഒപ്പം ഭാര്യ സുൽഫത്ത്, മമ്മൂട്ടിയുടെ സന്തത സാഹചാരിയും സിനിമ നിർമ്മാതാവുമായ എസ്. ജോർജ് എന്നിവരും ഉണ്ടായിരുന്നു. ഇവരുടെ ലണ്ടനിലേക്കുള്ള കാർ യാത്രയുടെ ദൃശ്യം മറ്റൊരു കാറിൽ നിന്നെടുത്തു.
യുകെ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ കഴിയുന്ന ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉള്ള വ്യക്തിയാണ് മമ്മൂട്ടി. ഇക്കഴിഞ്ഞ ജനുവരിയിൽ ഓസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ മമ്മൂക്കയും കുടുംബവും സിഡ്ണിയിൽ നിന്ന് കാൻബറിയിലേക്കും അവിടുന്ന് മെൽബണിലേക്കും ഏകദേശം 2300 കിലോമീറ്റർ ഒറ്റടിക്ക് ഡ്രൈവ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല