മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത് ക്ഷീണകാലമാണ്. അദ്ദേഹം അടുത്തിടെ ചെയ്ത എട്ട് ചിത്രങ്ങളാണ് പ്രേക്ഷകപ്രീതി പിടിച്ചുപറ്റാതെ വിയര്‍ത്തത്. എന്തായാലും ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് മമ്മൂട്ടി തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. സ്റ്റാര്‍ പദവി തിരിച്ചുപിടിക്കാന്‍ ഏറ്റവും സഹായകമാകുന്ന അധോലോക നായകന് വേഷത്തിലേക്ക് മമ്മൂട്ടി എത്തുകയാണ്. മമ്മൂട്ടി അധോലോക നായകനാകുന്ന ‘ഗാംഗ്സ്റ്റര്’ ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും.
ഡാഡി കൂള്‍, സോള്‍ട്ട് ആന്റ് പെപ്പര്‍, 22 ഫീമെയില്‍ കോട്ടയം എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ആഷിക് അബുവാണ് ഗാംഗ്സ്റ്റര് ഒരുക്കുന്നത്. സോള്‍ട്ട് ആന്റ് പെപ്പറിലെ കെ ടി മിറാഷ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ അഹമ്മദ് സിദ്ദിഖ് എന്ന നടനാണ് ഗാംഗ്സ്റ്ററിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥയുടെ അവസാനവട്ട മിനുക്കുപണികളിലാണ് അഹമ്മദ് സിദ്ദിഖ് ഇപ്പോള്‍.
ആഷിക് അബുവിന്റെ രണ്ടാമത്തെ മമ്മൂട്ടിച്ചിത്രമാണ് ഗാംഗ്സ്റ്റര്. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ പരാജയമായിരുന്നു. എന്നാല്‍ ആഷിക് അബു എന്ന സംവിധായകനെ അങ്ങനെ വിട്ടുകളയാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നില്ല. നല്ല ഒരു ആക്ഷന്‍ കഥയുമായി വീണ്ടും വരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഗാംഗ്സ്റ്ററിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ ആഷിക് അബുവിന് മമ്മൂട്ടി കൈകൊടുത്തു.
മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ആയ അധോലോകചിത്രമാക്കി ഗാംഗ്സ്റ്ററിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് ആഷിക് അബു. തമിഴ് നടന് പാര്ത്ഥിപന് ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രോഹിണി ഹട്ടങ്കടിയാണ് മറ്റൊരു അഭിനേതാവ്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
അതിരാത്രം, സാമ്രാജ്യം, പരമ്പര, ബിഗ്ബി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ബല്‍റാം വേഴ്സസ് താരാദാസ് തുടങ്ങിയ സിനിമകളിലാണ് മുമ്പ് മമ്മൂട്ടി അധോലോക നായകന്റെ വേഷം കെട്ടിയത്. ഇതില്‍ അതിരാത്രവും സാമ്രാജ്യവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിഗ്ബി ആവറേജ് ഹിറ്റും. സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായ ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ എന്ന ചിത്രത്തിന്റെയും രചന നടക്കുകയാണ്. ആ സിനിമ സംവിധാനം ചെയ്യുന്നത് അമല്‍ നീരദാണ്.
എന്തായാലും വീണ്ടും ഒരു അധോലോക കഥ മമ്മൂട്ടി തെരഞ്ഞെടുക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. ആഷിക് അബു മമ്മൂട്ടിയുടെ പ്രതീക്ഷ കാക്കുമെന്ന് കരുതാം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാംഗ്സ്റ്റര് എന്ന പേരില്‍ വന്ന ഒരു ഹിന്ദിച്ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല