സ്വന്തം ലേഖകൻ: കാൻസർ എന്ന മഹാരോഗത്തെ സധൈര്യം നേരിട്ട പോരാളിയാണ് നടി മംമ്ത മോഹൻദാസ്. തന്റെ ഇരുപതുകളിൽ കാൻസർ രോഗത്തെ ഒരു പുഞ്ചിരിയോടെ നേരിട്ട മംമ്ത, ഈ രോഗാവസ്ഥ നേരിട്ട അനേകം പേരുടെ ആത്മവിശ്വാസം ഉയർത്തിയ വ്യക്തിയുമാണ്. ആത്മവിശ്വാസമുള്ള ഒരു വ്യക്തി എന്ന നിലയിൽ മറ്റൊരു പോരാട്ടത്തിന് തയാറെടുക്കുകയാണ് മംമ്ത. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. അതിനാൽ തന്റെ തൊലിപ്പുറത്തെ യഥാർത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി.
വിറ്റിലിഗോ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകൾ മംമ്തയുടെ പോസ്റ്റിനൊപ്പമുണ്ട്. ‘‘നിന്നെ ഞാൻ മുൻപെങ്ങുമില്ലാത്ത വിധം ചേർത്തുപിടിക്കുന്നു’’, എന്ന് സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്.
‘‘പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും.’’ എന്നാണ് താരത്തിന്റെ കുറിപ്പ്.
അമേരിക്കയില്‍ വച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത കാന്‍സറിനെ അതിജീവിച്ചത്. അതേസമയം, ‘ജനഗണമന’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘അണ്‍ലോക്’, ‘ഊമൈ വിഴികള്‍’, ‘മഹേഷും മാരുതിയും’, ‘രുദ്രാംഗി’, ‘ഒറ്റ’ എന്നീ സിനിമകളാണ് നടിയുടേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. ഇതുമൂലം പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്‍റെ കുറവു മൂലം ഇവ ബാധിക്കാം.
ചർമത്തിനു നിറം നൽകുന്നത് മെലാനിൻ (melanin) എന്ന പദാർത്ഥമാണ്. ത്വക്കിലെ മെലാനോസൈറ്റ് (melanocyte) കോശങ്ങളാണ് മെലാനിൻ ഉല്പാദിപ്പിക്കുന്നത്. വെള്ളപ്പാണ്ടിൽ ഈ കോശങ്ങൾ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാൽ നശിപ്പിക്കപ്പെടുന്നു. തന്മൂലം മെലാനോസൈറ്റ് കോശങ്ങൾ ഇല്ലാതെ വരുന്ന ഭാഗങ്ങളിൽ മെലാനിൻ ഉല്പാദിപ്പിക്കാൻ കഴിയാതെ, ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകൾ രൂപപ്പെടുന്നു.
ശരീരത്തിന്റെ പ്രതിരോധശ്രേണിയെ ബാധിക്കുന്ന ഒരു ഓട്ടോഇമ്മ്യൂൺ രോഗമായതിനാൽ വെള്ളപ്പാണ്ട് ഉള്ള രോഗികളിൽ തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ കണ്ടു വരാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല