സ്വന്തം ലേഖകന്‍: ഛത്തീസ്ഗഡില്‍ അമ്മയെ കൊന്ന് രക്തം കുടിച്ചതിനു ശേഷം മൃതദേഹം വെട്ടിനുറുക്കി കത്തിച്ചു; ദുര്‍മന്ത്രവാദിയായ മകന്‍ ഒളിവില്‍. മാന്ത്രിക ക്രിയകള്‍ക്കിടെയാണു ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയില്‍ ക്രൂരമായ കൊലപാതകം നടന്നത്. ദുര്‍മന്ത്രവാദിയായ ദിലീപ് യാദവ് എന്നയാളാണ് അമ്മ സുമരിയയെ (50) കൊലപ്പെടുത്തിയത്. സംഭവത്തിനു ദൃക്‌സാക്ഷിയായ സ്ത്രീ മൂന്ന് ദിവസത്തിനു ശേഷം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മാതാവിന്റെ മൃതദേഹം വെട്ടിനുറുക്കി ദിലീപ് യാദവ് കത്തിച്ചിരുന്നു. ഛത്തീസ്ഗഡിലെ കുഗ്രാമത്തില്‍ നടന്ന കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശനിയാഴ്ചയാണു പുറത്തുവന്നത്. മന്ത്രതന്ത്ര കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദിലീപ് എല്ലായ്‌പ്പോഴും നരബലിയെക്കുറിച്ചു സംസാരിച്ചിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. മന്ത്രവാദിനിയെന്നാണു ഇയാള്‍ അമ്മയെ വിളിച്ചിരുന്നത്. പിതാവിന്റെയും സഹോദരന്റെയും മരണത്തില്‍ ഇയാള്‍ അമ്മയെ കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണു സംഭവത്തിനു ദൃക്‌സാക്ഷിയായ രാംകചര്‍ ഗ്രാമത്തിലെ സമീറന്‍ യാദവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. അയല്‍ക്കാരിയായ സുമരിയയുടെ വീട്ടില്‍ പതിവു സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇവര്‍ കൊലപാതകത്തിനു ദൃക്‌സാക്ഷിയായത്.
വീടിനടുത്തെത്തിയപ്പോള്‍ അസാധാരണ ശബ്ദങ്ങള്‍ കേട്ടു. അടുത്തെത്തിയപ്പോള്‍ കോടാലി ഉപയോഗിച്ച് മകന്‍ അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുന്നതാണു കണ്ടത്. മുറിവുകളില്‍നിന്ന് രക്തം പുറത്തുവന്ന് സുമരിയ പ്രാണവേദനയില്‍ പുളയുമ്പോള്‍ മകന്‍ രക്തം കുടിക്കുകയായിരുന്നു. രംഗങ്ങള്‍ കണ്ടു ഞെട്ടിത്തരിച്ച തനിക്ക് ഒരക്ഷരം പോലും മിണ്ടാനായില്ലെന്നും സമീറന്‍ അധികൃതരോട് പറഞ്ഞു.
മൃതദേഹം ചെറുകഷണങ്ങളായി വെട്ടിനുറുക്കിയശേഷം തീയിലേക്കെറിഞ്ഞു കത്തിച്ചു. ഭയന്നതിനാല്‍ കുറച്ചുദിവസത്തേക്ക് ആരോടും ഒന്നും പറയാന്‍ സാധിച്ചില്ലെന്നു സമീറന്‍ പറയുന്നു. രണ്ട് ദിവസങ്ങള്‍ക്കു ശേഷം മരുമകനോടു കാര്യം പറഞ്ഞു. ഇതിനു ശേഷമാണ് സംഭവം പൊലീസില്‍ അറിയിച്ചത്. വെള്ളിയാഴ്ച കൊല്ലപ്പെട്ട സുമരിയയുടെ വീട്ടിലെത്തിയ പൊലീസിന് ചാരവും കരിഞ്ഞ എല്ലിന്‍ കഷണങ്ങളുമാണു ലഭിച്ചത്. ചുവരിലും തറയിലും രക്തക്കറകളും ഫോറന്‍സിക് സംഘം കണ്ടെത്തി. പൂജാസാധനങ്ങളും മാംസാവശിഷ്ടങ്ങളും കൂടി കണ്ടെടുത്തതോടെ സംഭവം നരബലിയാണെന്ന നിഗമനത്തിലാണു പൊലീസ്.
താന്ത്രിക കര്‍മങ്ങള്‍ക്കായുള്ള പുസ്തകങ്ങളും വീട്ടില്‍നിന്നു കണ്ടെത്തി. പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അച്ഛന്റെയും സഹോദരന്റെയും മരണത്തിലും ഭാര്യ വിട്ടുപോയതിലും ദിലീപ് അമ്മയെ കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായുണ്ടായ അന്ധവിശ്വാസം ഇയാളെ ദുര്‍മന്ത്രവാദത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല