സെന്‍ട്രല്‍ ലണ്ടനിലെ തിരക്കേറിയ നഗരത്തില്‍ സ്വകാര്യ ഓഫീസ് ജീവനക്കാരെ ബന്ദിയാക്കിയ ആളെ മൂന്ന് മണിക്കൂറിന് ശേഷം അറസ്റ് ചെയ്തു. തിരക്കേറിയ ടോട്ടന്‍ഹാം കോടതി റോഡിലെ ഒരു ബഹുനില മന്ദിരത്തിലാണ് സംഭവം നടന്നത്.HGV ഓടിക്കാനുള്ള ലൈസന്‍സ് കിട്ടാത്തതിന്റെ പേരില്‍ പരീക്ഷാപരിശീലനം നല്കിയ കമ്പനിയില്‍ എത്തിയ മൈക്കല്‍ ഗ്രീന്‍ എന്നയാള്‍ അവിടുത്തെ നാലു ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു.ലൈസന്‍സിന് നാലു തവണ പരീക്ഷ എഴുതി. നാലാം തവണയും പരാജയപ്പെട്ടപ്പോള്‍ ഇയാള്‍ പ്രകോപിതനായി. തുടര്‍ന്നാണ് മണിക്കൂറുകളോളം നഗരത്തെയും പോലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം അരങ്ങേറിയത്.
ട്രെയിനിംഗ് കമ്പനിയുടെ ഓഫീസിലേക്ക് കടന്നുകയറിയ അക്രമിയാണ് ജീവനക്കാരായ നാലോളം പേരെ ബന്ദിയാക്കിയത്. ശരീരത്ത് ചെറിയ ഗ്യാസ് സിലിണ്ടറുകള്‍ ഘടിപ്പിച്ചിരുന്ന ഇയാള്‍ ഓഫീസ് കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്നും ഭീഷണി മുഴക്കി. പ്രാദേശിക സമയം ഉച്ചയ്ക്ക് തൊട്ടുമുന്‍പായിരുന്നു സംഭവം. അപകടമറിഞ്ഞ പോലീസ് സ്ഥലത്തെത്തി ഒരു മധ്യസ്ഥനെ ഇയാളുമായി ചര്‍ച്ചയ്ക്ക് അയച്ചു.
കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ഇയാള്‍ കംപ്യൂട്ടറുകളും മറ്റും താഴേക്ക് എറിഞ്ഞതോടെ കെട്ടിടത്തിന്റെ നൂറ് മീറ്റര്‍ പരിസരത്ത് നിന്നും പോലീസ് ആളുകളെ ഒഴിപ്പിച്ചു. പിന്നീടാണ് പോലീസ് കെട്ടിടത്തില്‍ കയറി ഇയാളെ അറസ്റ് ചെയ്തത്. നാല്പത്തിയൊമ്പതുകാരനായ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോലീസ് പിന്നീട് കെട്ടിടവും പരിശോധിച്ചു. സംഭവം തീവ്രവാദ സ്വഭാവമുള്ള കേസായിട്ടാകും പരിഗണിക്കുകയെന്ന് പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല