1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2023

സ്വന്തം ലേഖകൻ: വര്‍ഷങ്ങള്‍ക്ക് മുമ്പ് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി കേരളത്തില്‍ സുകുമാരക്കുറുപ്പ് ചെയ്ത ക്രൂരമായ കൊലപാതകം ഇന്ത്യ മുഴുവന്‍ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങള്‍ ഇത്രയായിട്ടും സുകുമാരക്കുറുപ്പിനെ കണ്ടുപിടിക്കാന്‍ നമ്മുടെ നാട്ടിലെ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. ഇന്ന് സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം പോലും വ്യക്തമല്ല. എന്നാല്‍ ഇപ്പോഴിതാ കേരളത്തില്‍ സുകുമാരക്കുറുപ്പ് ചെയ്ത അതേ മോഡല്‍ കൊലപാതകം തെലങ്കാനയിലും ആവര്‍ത്തിച്ചിരിക്കുകയാണ്.

ആറ് കോടി രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുന്നതിന് വേണ്ടി യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ തെലങ്കാനയിലെ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റിലായിരിക്കുകയാണ്. കൊല നടത്തി പത്താം ദിവസമാണ് ഇയാള്‍ അറസ്റ്റിലായത്. സെക്രട്ടറിയേറ്റിലെ അസി. സെക്ഷന്‍ ഓഫീസര്‍ ധര്‍മേന്ദ്ര നായിക്കാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനാണ് സംഭവം. മോഡക് ജില്ലയിലെ വെങ്കടപൂരില്‍ ഒരു കാര്‍ കത്തിക്കിടക്കുന്ന നിലയിലായിരുന്നു. റോഡില്‍ നിന്ന് നിയന്ത്രണം തെറ്റി സമീപത്തെ കുഴിയിലേക്ക് വീണ് കാറിന് തീപിടിച്ചതാകാമെന്നാണ് പൊലീസ് കരുതിയത്. കാറിനുള്ളിലെ മൃതദേഹം നായിക്കിന്റെതാണെന്നാണ് ബന്ധുക്കളും തിരിച്ചറിഞ്ഞു.

മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ സംസ്‌കാരവും നടത്തി. എന്നാല്‍ കത്തിക്കരിഞ്ഞ കാറിന് സമീപത്ത് നിന്ന് ഒരു പെട്രോള്‍ കുപ്പി കണ്ടെടുത്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചുണ്ടായ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് താന്‍ മരിച്ചെന്ന് രേഖയുണ്ടാന്‍ മറ്റൊരാളെ കൊലപ്പെടുത്താന്‍ നായിക്ക് തീരുമാനിച്ചത്.

തന്റെ ഭാര്യയുടെയും മറ്റ് രണ്ട് ബന്ധുക്കളുടെയും സഹായത്തലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 85 ലക്ഷത്തോളം രൂപയാണ് നായിക്കിന് കടമുണ്ടായിരുന്നത്. ഈ പണം കണ്ടെത്താന്‍ മറ്റ് വഴികള്‍ ഇല്ലാതെ വന്നതോടെ 25 ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുകയായിരുന്നു. ആകെ ഏഴ് കോടിയോളം രൂപ വരുന്നതായിരുന്നു പോളിസികള്‍.

പിന്നീട് മാസങ്ങളോളം തന്റെ രൂപ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊല നടത്തുകയായിരുന്നു. നായികിനെ പോല രൂപ സാദൃശ്യമുള്ള ഒരാളെ നിരീക്ഷണ ക്യാമറയില്‍ കണ്ടതോടെ സംശയം വര്‍ദ്ധിക്കുകയായിരുന്നു. പിന്നാലെ നായിക്കിന്റെ പേരില്‍ പുതിയ ഇന്‍ഷൂറന്‍സ് പോളിസികളും എടുത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഏകദേശം ഇതൊരു സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകമാണെന്ന് ഉറപ്പിച്ചു.

സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം നായിക്കിന്റെ ഫോണിലേക്ക് ഒരു അഞ്ജാത നമ്പറില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നു. പഞ്ചായത്ത് ഓഫീസില്‍ നിന്നും തന്റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതോടെ മരിച്ചത് നായിക്കല്ലെന്നും ഇതൊരു കൊലപാതകമാണെന്ന കാര്യവും പൊലീസ് ഉറപ്പിച്ചു. അഞ്ജാത ഫോണ്‍ കോള്‍ ട്രാക്ക് ചെയ്ത പൊലീസ് പൂനെയില്‍ എത്തിയപ്പോള്‍ കണ്ടത് നായിക്കിനെയായിരുന്നു.

അന്‍ജയ്യ എന്ന തന്റെ രൂപ സാദൃശ്യമുള്ള യുവാവിനെയാണ് ഇയാളും സംഘവും ചേര്‍ന്ന് ആദ്യം കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നത്. അന്ന് അദ്ദേഹം മദ്യപിച്ചിരുന്നതിനാല്‍ ആ കൊലപാതകം നടന്നില്ല. മദ്യപിച്ച് അപകടമുണ്ടായാല്‍ ഇന്‍ഷൂറന്‍സ് തുക ലഭിക്കില്ലെന്ന് സംശയത്തെ തുടര്‍ന്നായിരുന്നു ഇത്.

ഇതിന് ശേഷമായിരുന്നു തന്നോട് രൂപ സാദൃശ്യമുള്ള ബാബു എന്നയാളെ കണ്ടെത്തുന്നത്. ഇയാളെ പരിചയപ്പെട്ട് മരുമകന്‍ ശ്രീനിവാസിനൊപ്പം കാറില്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കാറില്‍ ഇരുത്ത്ി കത്തിക്കുകയായിരുന്നു. കൊലപാതകത്തിന് സഹായം ചെയ്ത മരുമകന്‍ ശ്രീനിവാസ്, സഹോദരി സുനന്ദ, മരുമകന്‍ ശ്രീനിവാസ് എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ സംഭവത്തെ ഇപ്പോള്‍ കുറുപ്പ് മോഡല്‍ കൊലപാതകമെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 39 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തില്‍ സുകുമാരക്കുറുപ്പ് സമാനമായ രീതിയില്‍ കൊല നടത്തിയത്. അന്ന് കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പാണെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെ കുറിച്ച് വ്യക്തമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.