സ്വന്തം ലേഖകന്‍: പെണ്‍ സുഹൃത്തിന്റെ യാത്ര മുടക്കാന്‍ വിമാനം റാഞ്ചുമെന്ന് അധികൃതര്‍ക്ക് ഇമെയില്‍ ഭീഷണി, മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ ഭീതി പരത്തിയ വിരുതന്‍ പിടിയില്‍. വിമാന അട്ടിമറി സംബന്ധിച്ച് മുംബൈ പോലീസിന് വ്യാജ ഭീഷണി മെയില്‍ അയയ്ക്കുകയും മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ ഭീതി പരത്തുകയും ചെയ്ത 32 കാരന്‍ എം വംശി കൃഷ്ണയാണ് പിടിയിലായത്.
മിയാപൂരില്‍ ഗതാഗത ബിസിനസ് നടത്തുന്ന ഇയാളെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹിതനും ഒരു കുട്ടിയുമുള്ള ഇയാള്‍ വിവാഹേതര ബന്ധത്തിലെ കാമുകിയുടെ ഈ വിമാനത്താവളങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ വേണ്ടിയാണ് ഇയാള്‍ വ്യാജ ഭീഷണിമെയില്‍ അയച്ചതെന്ന് പോലീസ് വ്യക്തമാക്കി. അടുത്തിടെയാണ് ഫേസ്ബുക്ക് വഴി വംശി ചെന്നൈക്കാരിയായ യുവതിയുമായി പരിചയപ്പെട്ടത്.
മുംബൈയിലേക്കും ഗോവയിലേക്കും ഇരുവരും ഒരു വിനോദയാത്ര പദ്ധതിയിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് തനിക്ക് മുംബൈയ്ക്ക് ഒരു ഫ്‌ളൈറ്റ് ബുക്ക് ചെയ്യാനും അവിടെവെച്ച് തമ്മില്‍ കാണാമെന്നും യുവതി വംശിയെ നിര്‍ബ്ബന്ധിക്കുകയായിരുന്നു. എന്നാല്‍ ടിക്കറ്റിനുള്ള പണമില്ലാതിരുന്ന വംശി കാമുകിയുടെ പേരില്‍ ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് ഒരു വ്യാജ വിമാനടിക്കറ്റ് ഉണ്ടാക്കി ഏപ്രില്‍ 15 ന് ഇ മെയില്‍ ചെയ്തു.
ഈ തട്ടിപ്പ് പൊളിയാതിരിക്കാനായിരുന്നു പിന്നീട് വിമാന അട്ടിമറി വിഷയം വെച്ച് വ്യാജ ഇ മെയില്‍ മുംബൈ പോലീസിന് അയച്ചത്. ഒരു പെണ്ണെന്ന വ്യാജേനെ മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനം ഹൈജാക്ക് ചെയ്യാന്‍ ആറു പേര്‍ പദ്ധതിയിട്ടിരുന്നതായി മുംബൈ പോലീസിനും ഇ മെയില്‍ അയയ്ക്കുകയും വിളിച്ചു പറയുകയും ചെയ്തു.
കാമുകി ഈ ഒരു വിമാനത്താവളത്തിലേക്കും പോകാതിരിക്കാനായിരുന്നു വംശി ഇങ്ങിനെ ചെയ്തതെങ്കിലും അട്ടിമറി ഭീഷണി മൂന്ന് വിമാനത്താവളങ്ങളിലും ഭീതി പരത്തുകയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുകയും ചെയ്തു. മുംബൈ വിമാനത്താളവത്തില്‍ യാത്രക്കാരുടെ സമ്മേളനം വിളിച്ചു കൂട്ടി ഇ മെയില്‍ വായിക്കുക വരെ ചെയ്തു.
വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയ ശേഷം സന്ദേശത്തിെന്റ ഉറവിടം അന്വേഷിച്ച് പൊലീസ് ചെന്നെത്തിയത് ഹൈദരാബാദ് എസ്.ആര്‍ നഗറിലെ ഒരു ഇന്റര്‍നെറ്റ് കഫെയില്‍. അവിടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വംശി പൊലീസ് പിടിയിലായത്.
ഇയാളുടെ പേരില്‍ ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തതായി പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല