യുകെയില്‍ പലയിടങ്ങളിലും മൈനസ് ഏഴു ഡിഗ്രി സെന്റീഗ്രേഡ് ആയി താപനില താഴ്ന്നതോടെ മനുഷ്യ ജീവിതം ദു:സഹമായിരിക്കുകയാണ്. ഇതിനിടെ അതിശൈത്യം മൂലം ഹള്‍ പാര്‍ക്കില്‍ മരവിച്ചു മരിച്ച നിലയില്‍ ഒരാളെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. വടക്കന്‍ ഹള്‍പാര്‍ക്കിലെ ചെടികള്‍ക്കിടയില്‍ കണ്ടെത്തിയ മൃതദേഹത്തിന് അറുപതു വയസു പ്രായം തോന്നിക്കും എന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹത്തെ ഇത് വരേയ്ക്കും തിരിച്ചറിഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചത് എന്നത് പോലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍ അതിശൈത്യം തന്നെയാണ് കാരണം എന്ന് പ്രഥമ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
മൃതദേഹം ആരുടേതാണെന്നു കണ്ടെത്തുവാനായിട്ടാണ് ഇപ്പോള്‍ അന്വേഷണങ്ങള്‍ നടന്നു വരുന്നത്. ബ്രിട്ടനെ മഞ്ഞുപുതപ്പു മൂടിയത്തിനു ശേഷം യാത്രക്കിടയിലെ അപകടങ്ങളും വര്‍ദ്ധിച്ചു വരികയാണ്. റോഡപകടങ്ങള്‍, ട്രാഫിക് ജാം, വിമാന സര്‍വീസ് റദ്ദാക്കല്‍, റെയില്‍വേ പ്രശ്നങ്ങള്‍ എന്ന് വേണ്ട എല്ലാ രീതിയിലും ബ്രിട്ടന്‍ മരവിച്ചു കിടക്കയാണ്. പലയിടത്തും ഊഷ്മാവ് മൈനസ് ഒന്‍പതു ഡിഗ്രിയിലേക്ക് എത്തി. അന്റാര്‍ട്ടിക്കയിലെ ഊഷ്മാവിനെക്കാള്‍ കുറവാണ് ഇപ്പോള്‍ ബ്രിട്ടനിലെ പലയിടത്തും. പല സ്കൂളുകളും അടച്ചു. അറുപതോളം അപകടങ്ങള്‍ ദിവസേന നടക്കുന്നുണ്ട്.
വടക്കന്‍ യോര്‍ക്ക് ഷയറില്‍ കാര്യങ്ങള്‍ കൈ വിട്ടു തുടങ്ങി. സസക്സിലെയും സുഫോല്‍ക്കിലെയും റോഡുകള്‍ കാണാന്‍ കഴിയാത്ത രീതിയില്‍ മഞ്ഞു മൂടിക്കിടക്കയാണ്. തികച്ചും ഗൌരവസ്വഭാവമുള്ള ട്രാഫിക് ജാമുകള്‍ ഇരുപത്തി നാലെണ്ണം ഈ ആഴ്ചാവസാനം ഉണ്ടായിട്ടുണ്ട്. ഇതില്‍ m11 നിന്നും ലണ്ടനിലേക്കുള്ള ട്രാഫിക്ക് ജാമായിരുന്നു ഏറെ ദുഷ്ക്കരം. കിഴക്കന്‍ ഭാഗങ്ങളില്‍ 85 ശതമാനം അധികം ബ്രേക്ക്‌ഡൌണ്‍ ഉണ്ടായിട്ടുണ്ട്. പടിഞ്ഞാറന്‍ മിഡ്‌ലാണ്ട്സിലും വെല്‍സിലും ഇത് 65 ശതമാനത്തില്‍ അധികം ആണ്. മഞ്ഞു കാരണം റെയില്‍ വേ സര്‍വീസുകള്‍ പോലും ശരിയായി പ്രവര്‍ത്തിക്കുന്നില്ല.
കെന്റില്‍ മാത്രം ഇരുപതു സ്കൂളുകള്‍ അടച്ചു പൂട്ടി. റണ്‍വേ കാണാത്തത് മൂലം ഹീത്രോയില്‍ നാല്പതോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഞായറാഴ്ച കാണാതായ ഒരു ആസ്ത്രേലിയന്‍ സ്ത്രീയെ തേടുകയാണ് പോലീസ് ഇപ്പോഴും. സാറാ ബ്രൌണ്‍(22)ആണ് കൊവന്റ്റ് ഗാര്‍ഡന്‍സില്‍ വച്ച് കാണാതായത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഈ അതി ശൈത്യം ഇനിയും എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് ഊഹിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് കാര്യങ്ങള്‍ പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല