1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2019

സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്തെ ടൈംസ് സ്‌ക്വയറിലെ ആ ചരിത്ര ചുംബനം ഇനി ഓര്‍മ മാത്രം; കഥാനായകനായ നാവികനും കണ്ണടച്ചു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആഹ്ലാദം ചുംബനത്തിലൂടെ നഴ്‌സിന് പകര്‍ന്നു നല്‍കിയ നാവികന്‍ ജോര്‍ജ് മെന്‍ഡോന്‍സ(95) ഓര്‍മയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഥാനായിക ഗ്രെറ്റ ഫ്രൈഡ്മാന്‍ 2016 സെപ്റ്റംബറില്‍ അന്തരിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ വച്ചായിരുന്നു ചരിത്രത്തില്‍ ഇടം നേടിയ ചുംബനം. ലൈഫ് മാഗസിന്‍ ഫോട്ടോഗ്രാഫറായ ആല്‍ഫ്രഡ് ഐസന്‍സ്റ്റഡായിരുന്നു ചുംബന നിമിഷങ്ങള്‍ കാമറയില്‍ ഒപ്പിയെടുത്തത്. ഇത് ലൈഫ് മാസികയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഒറ്റ ചിത്രത്തിലൂടെ ഇരുവരും ലോകപ്രസിദ്ധരായി.

1945 ഓഗസ്റ്റ് 14, യുഎസിനു മുന്നില്‍ ജപ്പാന്‍ പരാജയം സമ്മതിച്ച ദിവസം. യുദ്ധം അവസാനിച്ചതിന്റെ ആഹ്ലാദത്തില്‍ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നിരവധി ആളുകളാണ് ഓടിയെത്തിയത്. ഈ സമയം ഗ്രെറ്റ ജോലിചെയ്യുന്ന ആശുപത്രിയില്‍ നിന്ന് യൂണിഫോം മാറാതെ നഗരവീഥിയിലെത്തിയപ്പോള്‍ ആഹ്ലാദത്താല്‍ ഓടിയെത്തിയ ഒരു നാവികന്‍ ഗ്രെറ്റയെ തെരുവില്‍വച്ച് വാരിപ്പുണര്‍ന്ന് ചുംബിക്കുകയായിരുന്നു.

ജനങ്ങളുടെ ആഹ്ലാദം പകര്‍ത്തി നഗരത്തിലൂടെ അലയുകയായിരുന്ന ഐസന്‍സ്റ്റഡിന്റെ കാമറ ഈ രംഗം കാണുകയും ചരിത്രത്തിലേക്ക് പകര്‍ത്തി. എന്നാല്‍ നാവികന്‍ ആരായിരുന്നെന്നോ ചുംബിച്ച സ്ത്രീ ആരായിരുന്നെന്നോ അറിയുമായിരുന്നില്ല. 1980 കളുടെ അവസാനത്തോടെയാണ് നാവികന്‍ ജോര്‍ജ് മെന്‍ഡോന്‍സയായിരുന്നെന്നും നഴ്‌സ് ഗ്രെറ്റയായിരുന്നെന്നും ലോകം അറിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.