സ്വന്തം ലേഖകന്‍: നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് സുരക്ഷാ സംവിധാനങ്ങളില്ലാതെ ചാടി രക്ഷപ്പെട്ട് റെക്കോര്‍ഡിട്ടയാള്‍ രണ്ടാം ശ്രമത്തില്‍ മുങ്ങി മരിച്ചു. 2003 ഒക്ടോബറില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ നയാഗ്രയിലേക്ക് എടുത്തു ചാടിയിട്ടും ജീവന് നഷ്ടപ്പെടാതിരുന്ന കിര്‍ക്ക് ആര് ജോണ്‍സ് ആണ് രണ്ടാം ശ്രമത്തില്‍ മരണത്തിന് കീഴടങ്ങിയത്. ആദ്യമായിട്ടായിരുന്നു നയാഗ്ര വെള്ളച്ചാട്ടത്തില്‍ സുരക്ഷാസംവിധാനമില്ലാതെ ചാടിയ ഒരാള്‍ രക്ഷപെടുന്നത്.
സാധാരണ വസ്ത്രം മാത്രമായിരുന്നു 2003 ചാടിയപ്പോള്‍ ജോണ്‍സ് ധരിച്ചിരുന്നത്. ഇത്തവണ വെള്ളത്തില്‍ ഉരുണ്ടു നീങ്ങാന്‍ ഉപയോഗിക്കുന്ന ബലൂണ്‍ പോലുള് പന്തില്‍ കയറിയാണ് 53 വയസുകാരനായ ജോണ്‍സ് വെള്ളച്ചാട്ടത്തിലേക്ക് ചാടിയത്. ഏപ്രില്‍ 19 നാണ് മൂന്നു മീറ്റര്‍ വലിപ്പമുള്ള പന്തില്‍ കയറി ജോണ്‍സ് തന്റെ രണ്ടാം ശ്രമം നടത്തിയത്. തുടര്‍ന്ന് നയാഗ്രയിലൂടെ യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ടിലെ ജീവനക്കാരന് ജോണ്‍സിന്റെ പന്ത് പൊട്ടിയ നിലയില്‍ കണ്ടുകിട്ടി.
എന്നാല്‍ ജോണ്‍സിനെ കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. ജൂണ്‍ രണ്ടിന് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് മൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹം 2003 ല്‍ നയാഗ്രയില്‍ ചാടി ആദ്യമായി രക്ഷപെട്ട കിര്‍ക്ക് ജോണ്സിന്റേതാണെന്ന് കഴിഞ്ഞ ദിവസം പോലീസ് സ്ഥിരീകരിച്ചു. 2003 ലെ ചാട്ടത്തിന്ശേഷം രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കാനഡ ജോണ്‍സിനെ വിലക്കിയതും വാര്‍ത്തയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല