1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2012

യു.പി.എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മുദ്രാവാക്യം വിളിയും ഷര്‍ട്ടൂരി പ്രതിഷേധവും. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സിലാണ് സംഭവം. പട്ട്യാല ഹൗസ് കോടതിയിലെയും സുപ്രീം കോടതിയിലെയും അഭിഭാഷകനായ സന്തോഷ് സുമന്‍കുമാറാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രസംഗിക്കുന്നതിനായി പ്രധാനമന്ത്രി എഴുന്നേറ്റ സമയം സുമന്‍കുമാര്‍ ബഞ്ചില്‍ കയറി ബഹളം വെക്കുകയായിരുന്നു.

ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചത് പിന്‍വലിക്കുക, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സുമന്‍കുമാറിന്റെ പ്രതിഷേധം. ഡീസല്‍ വിലവര്‍ധന ജനങ്ങളെ ദുരിതത്തിലാക്കിയെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നും സുമന്‍ കുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കാര നടപടികള്‍ അവസാനിപ്പിക്കണമെന്നും സുമന്‍ കുമാര്‍ ആവശ്യപ്പെട്ടു.

കനത്ത സുരക്ഷാവലയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സി.എച്ച് കപാഡിയ, നിയുക്ത ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് ഖബീര്‍ എന്നിവരും പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുമന്‍കുമാറിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യയിലാദ്യമായാണ് പ്രസംഗത്തിനിടെ ഒരാള്‍ പ്രധാനമന്ത്രിക്കെതിരെ ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് ഒരു വാര്‍ത്താ സമ്മേളനത്തിനിടെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരത്തിന് നേരെ ജെര്‍ണയില്‍ സിംഗ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെരിപ്പെറിഞ്ഞിരുന്നു. സിഖ് വിരുദ്ധ കലാപ കേസില്‍ ജഗദീഷ് ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജെര്‍ണയില്‍ സിംഗ് ചെരുപ്പേറ് നടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.