സ്വന്തം ലേഖകന്‍: ’20 യുവതികളെ പീഡിപ്പിച്ച് വെര്‍ജീനിയയെ വിറപ്പിച്ച ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ്’ ഞാനാണ്‍’ സ്വകാര്യ നിമിഷത്തില്‍ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തല്‍ വിവാഹമോചന ശേഷം പുറത്തുവിട്ട് ഭാര്യ; പതിറ്റാണ്ടുകള്‍ക്കു ശേഷം കുറ്റവാളി പിടിയില്‍. അമേരിക്കയിലെ വെര്‍ജീനിയയിലാണു കോടതിമുറിയില്‍ തന്നെ കുറ്റാന്വേഷണതുമ്പ് വെളിപ്പെട്ട സംഭവമുണ്ടായത്. ജൂഡ് ലോവ്ചിക് എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ കാതറിന്‍ ലോവ്ചിക്കിനോടു വിവാഹപൂര്‍വ കാലത്തു പങ്കുവച്ച രഹസ്യമാണു വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ അവര്‍ വെളിപ്പെടുത്തിയതും ജൂഡിനെ കുടുക്കിയതും.
രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ജൂഡിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഫെയര്‍ഫാക്‌സ് സര്‍ക്യൂട്ട് കോടതി ചൊവ്വാഴ്ച കേസില്‍ ജൂഡിനു ശിക്ഷ വിധിക്കും. 1990 കളില്‍ നടന്ന പീഡനങ്ങളെ കുറിച്ചാണു ജൂഡ്, കാതറിനോടു ഒന്‍പതു വര്‍ഷം മുന്‍പ് മനസ്സുതുറന്നത്. ഇരുവരും തമ്മിലുള്ള വിവാഹത്തിനു മുന്‍പായിരുന്നു അത്, 2009 ല്‍.
വീട്ടിലെ ശുചിമുറിയില്‍ സൂക്ഷിച്ച കറുത്ത മുഖംമൂടി എടുത്തുകാണിച്ചു ജൂഡ് പറഞ്ഞു, ‘നിനക്കറിയാമോ ഈ മുഖംമൂടി ധരിച്ച് 20 യുവതികളെ ഞാന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. വിര്‍ജീനയയിലെ ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ്’ ഞാനാണ്.’ വിവാഹമോചനവുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ പുറത്തുവീണ ഈ രഹസ്യസംഭാഷണം ജഡ്ജിമാരും അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടലോടെയാണു കേട്ടത്.
പിന്നീട് ഭര്‍ത്താവായി മാറിയ ജൂഡുമായി കാതറിന്റെ ആദ്യ കൂടിക്കാഴ്ചയും ഓര്‍ക്കാന്‍ സുഖമുള്ളതായിരുന്നില്ല. വെര്‍ജീനിയ സ്പ്രിങ്ഫീല്‍ഡിലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു അന്നു കാതറിന്‍. പൊടുന്നനെ പ്രത്യക്ഷപ്പെട്ട ജൂഡ്, കാതറിന്റെ വായ് പൊത്തിപ്പിടിച്ചു. തലയിലേക്ക് എയര്‍ഗണ്‍ ചൂണ്ടി ബഹളമുണ്ടാക്കരുതെന്നു ഭീഷണിപ്പെടുത്തി. അവളെ വീട്ടിനുള്ളില്‍ കൊണ്ടുപോയി അടുക്കളയില്‍ ഒരു കസേരയില്‍ കെട്ടിയിട്ടു, ബലാല്‍ക്കാരമായി പീഡിപ്പിച്ചു.
ഹൃദയം തകര്‍ക്കുന്ന സംഭവമായിരുന്നു അതെങ്കിലും കാതറിനും ജൂഡും 2010 ല്‍ വിവാഹിതരായി. ഇവര്‍ക്കൊരു മകള്‍ പിറന്നു. എന്നാല്‍ ദാമ്പത്യം നീണ്ടത് ആറു വര്‍ഷം മാത്രം. 2016 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. വിവാഹമോചന ഹര്‍ജി പരിഗണിക്കവേ കുഞ്ഞിനെ ഒപ്പംനിര്‍ത്താനുള്ള അവകാശം കാതറിനില്‍നിന്നു ജൂഡിനു കോടതി നല്‍കി. ആ തീരുമാനം ശരിയല്ലെന്നു തെളിയിക്കാനുളള വാദത്തിലാണ് 1995 ലെ റസ്റ്റന്‍ അപ്പാര്‍ട്‌മെന്റ് പീഡനത്തെക്കുറിച്ച് ജൂഡ് മുന്‍പു പറഞ്ഞ വിവരങ്ങള്‍ കാതറിന്‍ കോടതിയോടു വെളിപ്പെടുത്തിയത്.
1995ല്‍ റസ്റ്റന്‍ അപ്പാര്‍ട്ട്‌മെന്റിലെ നാലു യുവതികളാണ് ലൈംഗിക ചൂഷണത്തിനു വിധേയരായത്. കാതറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ ശാസ്ത്രീയമായ അന്വേഷണം നടന്നു. സംഭവത്തില്‍ ജൂഡ് കുറ്റക്കാരനാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇയാളെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തു. ഈ കേസില്‍ മാത്രമായിരുന്നു ആദ്യം കുറ്റം ചുമത്തിയത്. വിവാഹമോചന ഹര്‍ജിയുടെ തുടര്‍വിചാരണയ്ക്കിടെയാണു മുന്‍ പങ്കാളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ കാതറിന്‍ തയാറായത്.
തൊണ്ണൂറുകളുടെ മധ്യത്തില്‍ വെര്‍ജീനിയ ഫെയര്‍ഫാക്‌സ്, പ്രിന്‍സ് വില്യം കൗണ്ടികളില്‍ നടന്ന 17 പീഡനങ്ങളിലെ പിടികിട്ടാപ്പുള്ളി ജൂഡ് തന്നെയാണോ എന്ന സംശയത്തിന് ഇതോടെ ആക്കം കൂടി. അജ്ഞാതനായ ഇയാള്‍ ‘സെന്റര്‍വില്ല റേപ്പിസ്റ്റ്’ എന്നും അറിയപ്പെട്ടിരുന്നു. ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ് ഞാനാണ് എന്ന ഭര്‍ത്താവിന്റെ പ്രഖ്യാപനം എന്റെ കാതുകളിലും തലച്ചോറിലും നിരന്തരം മുഴങ്ങി. എന്നാല്‍ ഗൂഗിളില്‍ അതേക്കുറിച്ച് സെര്‍ച്ച് ചെയ്യാന്‍ പോലും ധൈര്യമുണ്ടായില്ല. തിരയുന്ന ചോദ്യത്തിന്റെ ഉത്തരം എന്റെ വീട്ടിലായിരിക്കുമോ എന്നു ഭയപ്പെട്ടു. ഇതുവരെ ആരോടുമിതു പറഞ്ഞിട്ടില്ല. ഇതയാളുടെ അവസാനമാകട്ടെ,’ കോടതിമുറിയില്‍ കരഞ്ഞുകൊണ്ട് കാതറിന്‍ പറഞ്ഞു:
ഫാര്‍മസിസ്റ്റ് ആകുകയെന്ന ജീവിതലക്ഷ്യത്തോടെയാണ് 23 വര്‍ഷം മുന്‍പ് അന്ന് ഇരുപതുകളിലായിരുന്ന ആ യുവതികള്‍ റസ്റ്റന്‍ അപ്പാര്‍ട്‌മെന്റില്‍ താമസം തുടങ്ങിയത്. 1995 ജൂണ്‍ ആറിനു രാവിലെ ഉറക്കമുണരുന്നതേയുള്ളൂ. ഒരു കൈ വായ മൂടിയതാണ് അതില്‍ ഒരു യുവതിക്ക് ഇന്നുമോര്‍മ. മുഖംമൂടിയിട്ട ഒരു പുരുഷന്‍ കിടക്കയുടെ സമീപം തോക്കുപിടിച്ചു നില്‍ക്കുന്നു. എല്ലാവര്‍ക്കും സമാന അനുഭവം.
നാലു സ്ത്രീകളെയും അയാള്‍ ഒരു മുറിയില്‍ എത്തിച്ചു. നാലുപേരുടെയും കണ്ണുകള്‍ തൂവാല കെട്ടി മറച്ചു. കൊല്ലരുതെന്നു കേണപേക്ഷിച്ചു. താന്‍ പറയുന്നതുപോലെ അനുസരിച്ചാല്‍ കൊല്ലാതെ വിടാമെന്നു മുഖംമൂടി ധരിച്ചയാളുടെ ഭീഷണി. തുടര്‍ന്നു പരസ്പരം ലൈംഗികകേളികളില്‍ ഏര്‍പ്പെടാന്‍ അക്രമി ആവശ്യപ്പെട്ടു. പിന്നാലെ അയാളുമായും. എല്ലാം ക്യാമറയില്‍ ചിത്രീകരിച്ചു. ‘അയാളൊരു ഭ്രാന്തനാണ്’ ഇരകളിലൊരാള്‍ ഓര്‍ത്തെടുത്തു. ഇതിനെല്ലാം ശേഷം സമയമെടുത്ത് തെളിവുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയാണ് അയാള്‍ മടങ്ങിയത്.
ഓര്‍മമറയുന്നതിനായി സ്‌പോര്‍ട്‌സ് പാനീയമായ ഗറ്റോറെയ്ഡ് അതിലൊരു യുവതിയെക്കൊണ്ട് അമിതമായി കുടിപ്പിച്ചു. സ്ത്രീകളുടെ അഡ്രസ് പുസ്തകം എടുത്ത്, ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ ഇതില്‍ പേരുള്ള സുഹൃത്തുക്കളെയെല്ലാം വകവരുത്തുമെന്ന് മുന്നറിയിപ്പു നല്‍കി. നാലു പേരുടെയും ഫോണുകള്‍ തല്ലിത്തകര്‍ത്തു. വാക്വം ക്ലീനര്‍ ഉപയോഗിച്ചു മുറി മുഴുവന്‍ വൃത്തിയാക്കി. പൊടി പോലും വലിച്ചെടുത്ത വാക്വം ബാഗ് ഒപ്പം കൊണ്ടുപോയി. യുവതികള്‍ പരാതികള്‍ നല്‍കിയെങ്കിലും തുമ്പൊന്നും കിട്ടാതെ കേസ് അന്വേഷണം മരവിച്ചു.
വിവാഹമോചന സാഹചര്യം രൂപപ്പെട്ടപ്പോള്‍ 2016 ല്‍ കാതറിന്‍ തന്റെ ഭര്‍ത്താവിന്റെ ചെയ്തികള്‍ അധികൃതരെ അറിയിക്കാന്‍ തീരുമാനിച്ചു. ജൂഡ് ലോവ്ചിക് നിരീക്ഷണത്തിലായി. വാക്വം ക്ലീനറും മുഖംമൂടിയും ഉള്‍പ്പെടെ ജൂഡ് ഒളിപ്പിച്ച സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. അതിലെ ജൈവ വസ്തുക്കളുടെ സാംപിളുകള്‍ ശേഖരിച്ചു.
തനിക്കെതിരായി കോടതിയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍, കുഞ്ഞിനെ കിട്ടാനായി കാതറിന്‍ നുണ പറയുന്നുവെന്നായിരുന്നു ജൂഡിന്റെ പ്രതികരണം. ശാസ്ത്രീയ, സാഹചര്യത്തെളിവുകളുമായി അന്വേഷണ സംഘം ജൂഡിനെ പ്രതിരോധിച്ചു. 17 പീഡനകേസുകളിലും കുറ്റക്കാരനാണ് ജൂഡ് എന്ന് കോടതി വിധിച്ചതോടെ പതിറ്റാണ്ടുകളായി ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉത്തരമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല