നേഴ്സുമാരുടെ സമരം രാജ്യവ്യാപകമായി നടക്കാന്‍ തുടങ്ങിയതോടെയാണ് നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ സമതിയെ നിയോഗിച്ചത്. എന്നാല്‍ സാധാരണ രൂപികരിച്ചതിനുശേഷം മാത്രം അട്ടിമറിക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ആശുപത്രി മാനേജ്മെന്‍റുകള്‍ ഇപ്പോള്‍തന്നെ പണിതുടങ്ങിയെന്നാണ് ലഭിക്കുന്ന സൂചന. വന്‍തോതില്‍ സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമുളള സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഭരണമുന്നണിയിലെ വന്‍തോക്കുകളെ കൈയിലെടുക്കാനാണ് ശ്രമിക്കുന്നത്. സാധാരണ കേരളത്തിലെ മറ്റ് തൊഴില്‍മേഖലയില്‍ ഉള്ളത്രയും വന്‍തോതിലുള്ള ശമ്പള വര്‍ധനവ്, അനുബന്ധ സേവന വ്യവസ്ഥകള്‍ എന്നിവയ്ക്ക് ശുപാര്‍ശയുണ്ടാകുമെന്ന വിവരമാണ് മാനേജ്‌മെന്റെുകളുടെ നീക്കത്തിനു പിന്നില്‍. അതേസമയം, ഈ മാസം 30നു സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം കമ്മിറ്റിക്കുള്ളില്‍ നിന്നുതന്നെ ചോര്‍ന്നോ എന്നും സംശയമുയരുകയാണ്.
നിയമം നടപ്പിലാക്കുന്നതിന് മുമ്പുതന്നെ ഇങ്ങനെയൊരു നീക്കമുണ്ടാകുന്നത് നേഴ്സുമാരുടെ സംഘടനശക്തിയെ ആശുപത്രി മാനേജ്മെന്‍റുകള്‍ എത്രത്തോളം പേടിക്കുന്നുണ്ട് എന്നതിന് തെളിവാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ഡോ. ബലരാമന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. എല്ലാ ജില്ലകളിലും സിറ്റിംഗ് സംഘടിപ്പിച്ച് നഴ്‌സുമാരില്‍ നിന്നും നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും ആശുപത്രി മാനേജ്‌മെന്റുകളില്‍ നിന്നും വിശദമായി വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലേയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും നേഴ്സുമാരുടെ സമരങ്ങളുടെ തുടര്‍ച്ചയായി വരുന്ന ഈ റിപ്പോര്‍ട്ട് നിലവില്‍ വന്നാല്‍ മലയാളി നേഴ്സുമാരുടെ വിജയമായിട്ടാവും വിലയിരുത്തപ്പെടുക.
ആരോഗ്യമന്ത്രിക്ക് സമര്‍പ്പക്കുന്ന ഈ റിപ്പോര്‍ട്ട് മറ്റ് മന്ത്രിമാരുടെയും വിദഗ്ദരുടെയും കൂട്ടായുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും അവസാനഘട്ട തീരുമാനമെടുക്കുക. അതേസമയം അടുത്ത മന്ത്രിസഭായോഗത്തില്‍തന്നെ ഈ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നും കരുതപ്പെടുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഇപ്പോള്‍തന്നെ ആശുപത്രി മാനേജ്മെന്‍റുകള്‍ ശ്രമം തുടങ്ങിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ എന്തായി തീരുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുകയും അതിനു മുന്നോടിയായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും ചെയ്യാനാണ് മുഖ്യമന്ത്രിയും മുന്നണിയും ആലോചിക്കുന്നത്.
എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പ്രശ്നമുണ്ട്. അതുകൊണ്ടുതന്നെ ഇലക്ഷന്‍ കഴിയുന്നതുവരെ സര്‍ക്കാരിന് കാത്തിരിക്കേണ്ടിവരും. ഈ കാലതാമസമാണ് ആശുപത്രി അധികൃതര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യത നേടിയവരും പ്രവൃത്തി പരിചയമുള്ളവരുമായ നഴ്‌സുമാരെ അതിന്റെ അടിസ്‌ഥാനത്തില്‍ പരിഗണിക്കണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശയത്രേ. ബിടെക് യോഗ്യതയുള്ള എന്‍ജിനീയര്‍മാര്‍, എംസിഎ യോഗ്യതയുള്ള ഐടി പ്രൊഫഷനലുകള്‍ തുടങ്ങിയവരെപ്പോലെ നഴ്‌സുമാരെയും പ്രൊഫഷണലുകളായി പരിഗണിച്ച് തുല്യ ശമ്പളം നല്‍കണം.
റിപ്പോര്‍ട്ട് നടപ്പിലായാല്‍ കേരളത്തിലെ ആശുപത്രികളിലെ നേഴ്സുമാരുടെ ജോലിയും സുഖകരമാകുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്ക് ഓവര്‍ടൈം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്. നഴ്‌സുമാരുടെ സംഘടനയ്‌ക്ക് സര്‍ക്കാരും സാമൂഹിക , രാഷ്ട്രീയ പ്രസ്ഥാനങ്ങളും നല്‍കി വരുന്ന പിന്തുണയും അനുഭാവത്തോടെയുള്ള സമീപനവും മാനേജ്‌മെന്റുകളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെതന്നെ ചെയ്തുതുടങ്ങിയത്. പുതിയ നിയമം വരുകയും അത് അടിയന്തര പ്രാധാന്യത്തോടെ ഓര്‍ഡിനന്‍സാക്കി പുറപ്പെടുവിക്കുകയും ചെയ്‌താല്‍ അതില്‍ നിര്‍ദേശിക്കുന്നതൊക്കെ നടപ്പാക്കേണ്ടി വരും. അല്ലെങ്കില്‍ നിയമപരമായി കുരുക്കില്‍ അകപ്പെടും. അതുതന്നെയാണ് ആശുപത്രി മാനേജ്മെന്‍റിന്‍റെ ഭീതിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല