സ്വന്തം ലേഖകന്‍: ഇറാനെതിരെ ആഞ്ഞടിച്ച് ബഹ്‌റിന്‍, ഇറാന്റെ നിലപാടുകള്‍ ഗള്‍ഫ് മേഖലക്ക് ഭീഷണി ഉയര്‍ത്തുകയാണെന്ന് ആരോപണം. ഇത്തരം നിലപാടുകളില്‍ നിന്നും ഇറാന്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് ബഹ്‌റിന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി. ബഹറിനില്‍ നടന്ന സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യപൗരസ്ത്യ മേഖലയിലെ സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത പതിനൊന്നാമത് മനാമ ഡയലോഗിന് ഇന്നലെ തിരശീല വീണു. ബഹ്‌റിന്‍ വിദേശകാര്യ മന്ത്രാലയവും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസും (ഐ.ഐ.എസ്.എസ്) സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. മൂന്ന് ദിവസം നീണ്ട സമ്മേളനത്തില്‍ വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഇറാന്റെ അപകടകരമായ പദ്ധതികള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായാണ് സുരക്ഷാ ഉച്ചകോടി സമാപിച്ചത്.
ഇറാന്റെ പല നിലപാടുകളും മേഖലയ്ക്ക് മുഴുവന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന ബഹ്‌റിന്‍ കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അഭിപ്രായത്തെ ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങളുടെ പ്രതിനിധികള്‍ ശരിവെച്ചു. സിറിയന്‍ കലാപവും അഭയാര്‍ത്ഥി പ്രശ്‌നവും സിറിയയിലെ റഷ്യയുടെ ഇടപെടലും യമന്‍ യുദ്ധവും ഉച്ചകോടി ഗൗരവമായി ചര്‍ച്ച ചെയ്തു. അറബ് മേഖലയുടെ സുരക്ഷയ്ക്കായി രാജ്യങ്ങള്‍ ഐക്യത്തോടെ നിലകൊള്ളണമെന്നും സമ്മേളനത്തില്‍ ആഹ്വാനമുണ്ടായി.
ഭീകരവാദത്തിനെതിരെ പോരാട്ടം തുടരുമെന്നും സമാധാനം നിലനിര്‍ത്താന്‍ മറ്റു രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യം സന്നദ്ധമാണെന്നും ബഹ്‌റിന്‍ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. മനാമ ഡയലോഗ് ഇത്തവണയും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഉച്ച കോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ സംഘാടകരെ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല