സ്വന്തം ലേഖകൻ: ബഹ്റൈനിൽനിന്നും സൗദിയിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിലേക്ക് നേരിട്ട് സർവിസ് നടത്തുന്നതിനുള്ള കരാറിൽ ഫ്ലൈ നാസും ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റിയും തമ്മിൽ ഒപ്പുവെച്ചു. അതോറിറ്റിയെ പ്രതിനിധീകരിച്ച് സി.ഇ.ഒ ഡോ. നാസിർ അൽ ഖാഇദിയും നാസ് എയർലൈൻസ് കമ്പനി സി.ഇ.ഒ ബൻദർ ബിൻ അബ്ദുറഹ്മാൻ അൽ മുഹന്നയും കരാറിൽ ഒപ്പുവെച്ചു.
നവംബർ 15 മുതലാണ് സർവിസ് ആരംഭിക്കുക. ലണ്ടനിൽ നടക്കുന്ന ഇന്റർനാഷനൽ ട്രാവൽ എക്സ്പോയിൽ ബഹ്റൈൻ പങ്കെടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു കരാർ. മനാമക്കും റിയാദിനുമിടയിൽ പുതിയ സർവിസിന് തുടക്കമിടുന്നതിൽ ഏറെ സന്തോഷമുള്ളതായി നാസിർ അൽ ഖാഇദി വ്യക്തമാക്കി.
ടൂറിസം രംഗത്ത് ബഹ്റൈനും സൗദിയും ഒറ്റ കാമ്പയിനും പ്രമോഷനും നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇരുരാജ്യങ്ങളിലും ടൂറിസം മേഖല ശക്തമാക്കാൻ ഇത് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. ഇത്തരമൊരു പദ്ധതിക്ക് സഹായകമായി വർത്തിച്ച ബഹ്റൈൻ എയർപോർട്ട് കമ്പനി, സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവക്ക് അൽ ഖാഇദി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല