പൊതുജനങ്ങളില്‍ നിന്നു നിക്ഷേപം വാങ്ങുന്നത് വിലക്കി കൊണ്ടുള്ള റിസര്‍വ് ബാങ്ക് നോട്ടിസിനെ കുറിച്ച് ഫെബ്രുവരി 10ന് ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്ന് മണപ്പുറം ഫിനാന്‍സ് അറിയിച്ചു. കേന്ദ്രബാങ്കിന്റെ നടപടിയെ തുടര്‍ന്ന് മണപ്പുറം ഓഹരി വില കുത്തനെ താഴേക്കിറങ്ങി. ഒറ്റ ദിവസം 20 ശതമാനത്തിലേറെ നഷ്ടമാണുണ്ടായത്.
രാവിലെ 56.85ല്‍ വില്‍പ്പന ആരംഭിച്ച ഓഹരി ക്ലോസ് ചെയ്യുമ്പോള്‍ 11.35 കുറഞ്ഞ് 45.50ലാണ്.
മണപ്പുറം ഫിനാന്‍സിന്റെ പേരിലോ മണപ്പുറം അഗ്രോ ഫാര്‍മിന്റെ പേരിലെ നിക്ഷേപം സ്വീകരിക്കുന്നതിനെയാണ് ബാങ്ക് വിലക്കിയിട്ടുള്ളത്. ജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന ഫണ്ടിന് അഗ്രോഫാമിന്റെ റസീറ്റുകളാണ് നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇത്തരത്തില്‍ യാതൊരു നിക്ഷേപവും സ്വീകരിക്കുന്നില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറായാണ് കമ്പനി പണം വാങ്ങുന്നത്. ഏകദേശം 4880 കോടിയുടെ വിപണി മൂലധനമുള്ള കമ്പനിയുടെ ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തിക്കും തിരക്കും കൂട്ടിയതോടെ സെന്‍സെക്‌സും നിഫ്റ്റിയും അഞ്ചു ദിവസത്തെ നേട്ടത്തിനുശേഷം ചൊവ്വാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 84.86 പോയിന്റ് താഴ്ന്ന് 17622.45ലും നിഫ്റ്റി 36.50 പോയിന്റ് കുറഞ്ഞ് 5335.15ലും വില്‍പ്പന അവസാനിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല