മാഞ്ചസ്റ്റര്‍: വിന്റര്‍ ആരംഭിച്ചതോടെ വ്യാപക മോഷണങ്ങള്‍ക്ക് ഇരയായി ആശങ്കാകുലരായ മഞ്ചസ്റ്ററിലെ മലയാളി സമൂഹം ശനിയാഴ്ച വിഥിന്‍ഷോയില്‍ ഒത്തുകൂടുന്നു. സെന്റ് ജോണ്‍സ് സ്കൂള്‍ ഹാളില്‍ ഉച്ച കഴിഞ്ഞു മൂന്നു മുതലാണ് ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനായുള്ള യോഗം ആരംഭിക്കുക. മഞ്ചസ്റ്ററിലെ വിവിധ മത-സാമൂഹിക-സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ പ്രതിനിധികള്‍ക്കൊപ്പം മോഷണത്തിന് ഇരയായ കുടുംബങ്ങളും യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ഡസനില്‍ അധികം മോഷണങ്ങളാണ് മഞ്ചസ്റ്ററിലെ വിവിധ ഭാഗങ്ങളിലായി നടന്നത്. പുറത്ത് പറയാത്തത് വേറെയും. മോഷണത്തിന്റെ ഇരകളായ മലയാളികള്‍ കാര്യമായി പ്രതികരിക്കാന്‍ തയ്യാറാവാത്തത് മോഷ്ടാക്കള്‍ക്ക് പിന്തുണ ആകുന്നതായും സൂചനയുണ്ട്. പോലീസ് കേസ് എടുക്കുന്നുണ്ടെങ്കിലും മോഷ്ടാക്കളെ പിടി കൂടുന്നതിനോ മോഷണം കുറയ്ക്കുന്നതിനോ സാധിക്കാത്തതിനാല്‍ മഞ്ചസ്റ്ററില്‍ നിന്നും ശക്തമായ ഒരു തുടക്കം കുറിക്കല്‍ ലക്ഷ്യമാക്കിയുള്ള യോഗമാണ് ശനിയാഴ്ച നടക്കുന്നത്.
പ്രധാനമന്ത്രി ഡേവിഡ് കാമരൂണിനു പരാതി നല്‍കുന്നതടക്കമുള്ള ശക്തമായ നീക്കങ്ങള്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍, ട്രഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികല്‍ക്കൊപ്പം മാഞ്ചസ്റ്റര്‍ മലയാളികളും ഒത്തു ചേരുന്നതോടെ ശക്തമായ നടപടികള്‍ക്ക് തുടക്കമാകും. താല്പര്യമുള്ള മറ്റു അസോസിയേഷന്‍ പ്രതിനിധികളെയും ഏവരെയും ഭാരവാഹികള്‍ യോഗത്തിലേക്ക് സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല