മലയാളി കുടിയേറ്റത്തിന്റെ യു.കെ.യിലെ സീരാ കേന്ദ്രമായ മാഞ്ചസ്റ്ററില്‍ ഭക്തിനിര്‍ഭരമായി ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു. കേരളത്തിലെ പള്ളിത്തിരുനാളുകളെ ഓര്‍മിപ്പിക്കുന്ന വിധമായിരുന്നു ആഘോഷം. പതിവുപോലെ നൂറുകണക്കിന് വിശ്വാസികളാണ സകുടുംബം തിരുനാളിനെത്തിയത്. ചെണ്ടമേളവും സ്‌കോട്ടിഷ് ബാന്‍ഡും നിറം പകര്‍ന്ന തിരുനാളിന് നിരവധി വെള്ളക്കാരും എത്തിയിരുന്നു.പതിനൊന്നേകാലോടെ താമരശ്ശേരി മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയേലിനെയും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ 12 ഓളം വൈദികരെയും താലപൊലികളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ പ്രധാന തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കുന്ന വിഥിന്‍ഷായിലെ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അലങ്കരിച്ചു മോടി പിടിപ്പിച്ചിരുന്ന ആള്‍ത്താരയിലേക്ക് സ്വീകരിച്ചാനയിച്ചു.
മൂന്ന് ഇംഗ്ലീഷ് വൈദീകരടക്കം കാപ്പ അണിഞ്ഞ് അള്‍ത്താരയിലേക്ക് നടന്നു നീങ്ങിയപ്പോള്‍ പളളിയില്‍ തിങ്ങി കൂടിയിരുന്ന നൂറുകണക്കിന് വിശ്വാസികള്‍ ആവേശ ഭരിതരായി ഗായകസംഘത്തോടൊപ്പം ചേര്‍ന്നുപ്രാരംഭഗാനം പാടി…അതോടെ ലദ്ദീഞ്ഞിന് തുടക്കമായി. ഇതേ തുടര്‍ന്ന് സീറോ മലാര്‍ സഭയുടെ ഏറ്റവും ആഘോഷപൂര്‍വമായ കുര്‍ബാനാ ക്രമത്തിന് തുടക്കമായി. ഷ്രൂസ്‌ബെറി രൂപതാ ചാപ്ലിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര അഭിവന്ദ്യ പിതാവിനെയും വൈദികര്‍ക്കും സെന്റ് തോമസ് ആര്‍ സി സെന്ററിന്റെ പേരില്‍ സ്വാഗതംആശംസിച്ചു. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ.
വിശുദ്ധ കുര്‍ബാനക്ക് ശേഷം കേരളീയ രീതിയില്‍ പ്രദക്ഷിണം. പൊന്നിന്‍കുരിശിനു പിന്നാലായി സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ചു നിരനിരയായി കൊടികളുമായി നീങ്ങി. ഇതിനു പിന്നിലായി മുത്തുകുടകളും പൊന്‍വെള്ളി കുരിശുകളും, ചെണ്ടമേളങ്ങളും നീങ്ങി. മേളപെരുക്കങ്ങള്‍ക്കൊപ്പം യുവാക്കള്‍താളാത്മകമായി ചുടവുകള്‍ വച്ചതോടെ ആവേശം അണപൊട്ടി.ഇരുനിരയായി നീങ്ങിയ പ്രദക്ഷിണത്തിന്റെ മധ്യഭാഗത്തുകൂടി സ്ത്രീകളും യുവതികളും മുത്തുകുടകളുമായി നടന്നു നീങ്ങി. പ്രദക്ഷിണത്തിന്റെ മുന്‍ നിര സെന്റ് ആന്റ്ണീസ് സ്‌കൂള്‍ റോഡ് വഴി പോര്‍ട്ട് വേയില്‍ എത്തിയപ്പോഴും പിന്‍നിര പള്ളിയില്‍ നിന്നും ഇറങ്ങിയിട്ടില്ലായിരുന്നു.
ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ഭാരത അപ്പസ്‌തോലന്‍ മാര്‍തോമാശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണത്തില്‍ സംവഹിച്ചു.ഇരുനിരയായി തിരുന്നാള്‍ പ്രസുദേന്തിമാര്‍ അംശവസ്ത്രങ്ങള്‍ അണിഞ്ഞു മെഴുകുതിരി കൈകളില്‍ ഏന്തി തിരുന്നാള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. പ്രദക്ഷിണം കടന്നു പോയ റോഡിന്റെ ഇരു വശങ്ങളിലും ഇംഗ്ലീഷുകാര്‍ നിന്നിരുന്നു.
പോര്‍ട്ട് വേയില്‍ കൂടി നടന്നുനീങ്ങിയ പ്രദക്ഷിണം തിരികെ പളളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടന്നു. പള്ളിപ്പരിസരവും പ്രദക്ഷിണ വീചികളും നാട്ടിലെ തിരുനാളുകള്‍ക്ക് സമ്മാനമായി അലങ്കരിച്ചു മോടി പിടിപ്പിച്ചിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ മാഞ്ചസ്റ്റര്‍ ഡേ പരേഡില്‍ അവതരിപ്പിച്ച മയില്‍വാഹനം കഴിഞ്ഞ ആഴ്ച്ച യുകെകെസിഎ കണ്‍വെന്‍ഷനിലും, മാഞ്ചസ്റ്റര്‍ തിരുനാളിലും എത്തി ജനശ്രദ്ധ നേടി.ബൃഹത്തായ മയിലിന്റെ പീലികളില്‍ സെന്റ് തോമസ് ആര്‍സി സെന്റര്‍ എന്ന് രേഖപ്പെടുത്തുന്നു. നേര്‍ച്ചകാഴ്ച്ചകള്‍ അര്‍പ്പിച്ചും കഴുന്നുകള്‍ എടുത്തും, അടിമ വച്ചും വിശ്വാസികള്‍ അപ്പോസ്തലന്റെ അനുഗ്രഹം തേടി മനസുരുകി പ്രാര്‍ഥിച്ചു.
ദേവാലയത്തിലെ തിരുകര്‍മ്മങ്ങളെ തുടര്‍ന്നു സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫണ്‍ ഫെയറിനു തുടക്കമായി. ഷെഫ് വിജയ്യുടെ തട്ടുകടകളും, ബൗണ്‍സി കാസിലും, ബലൂണ്‍ സ്റ്റാളുകളും, കുപ്പിവളകളും മറ്റുമായി ലേഡീസ് സ്റ്റാളുകളും ഉണ്ടായിരുന്നു. യൂത്തിന്റെ ബാള്‍ ഏറ്, ബാസ്‌ക്കറ്റ് ബാള്‍, ഹെന്ന, ഫേസ് പെയിന്റിങ്ങ് സ്റ്റാളുകളിലും വന്‍തിരക്കുകള്‍ അനുഭവപ്പെട്ടു. മാതാപിതാക്കളുടെ വിരല്‍ തുമ്പില്‍ തൂങ്ങി ബലൂണുകളും ഉഴുന്നാടകളുമായി നടക്കുന്ന കുട്ടികളുടെ കാഴ്ച്ചകള്‍ നാട്ടിന്‍പുറത്തെ പളളിപെരുന്നാളിന്റെ ഓര്‍മ്മകള്‍ ഏവര്‍ക്കും സമ്മാനിച്ചു.
ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ പള്ളി ട്രസ്റ്റിമാരായ അലക്‌സ് വര്‍ഗീസ്, മാര്‍ട്ടിന്‍ മലയില്‍ തുടങ്ങിയവരും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരും, സംഘടനാ ഭാരവാഹികളും വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കി. തിരുന്നാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഷ്രൂഷ്ബറി രൂപതാ ചാപ്ലിന്‍ ഫാ സജി മലയില്‍ പുത്തന്‍പുര നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല