പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ തിരുനാള്‍ ഇന്ന്. തിരുനാള്‍ കര്‍മ്മങ്ങള്‍ നടക്കുന്ന വിഥിന്‍ഷാ സെന്റ് ആന്റണീസ് ദേവാലയത്തിലും പ്രദക്ഷിണവിഥികളും കമനീയമായി അലങ്കരിച്ച് ഒരുക്കിക്കഴിഞ്ഞു. രാവിലെ 10.30 മുതല്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനാകുന്ന താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചാനിയില്‍ പിതാവ് ഇന്നലെ വൈകുന്നേരം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു.
ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ ഫാ. മാത്യു ചൂരപ്പൊയ്കയില്‍ ട്രസ്റ്റിമാരായ അലക്‌സ് വര്‍ഗീസ്, മാര്‍ട്ടിന്‍ മലയില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ പിതാവിന് ഊഷ്മളമായ സ്വീകരണം നല്‍കി. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികരാകുന്ന മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഷ്രൂസ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിഡ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വൈദികരെയും ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ ആഘോഷപൂര്‍വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് തുടക്കമാകും.
കുര്‍ബാനയെ തുടര്‍ന്ന് അതിമനോഹരമായി അലങ്കരിച്ച് മോടിപിടിപ്പിച്ചിരിക്കുന്ന പ്രദക്ഷിണ വീഥികളില്‍ കൂടിയുള്ള തിരുനാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. കൊടിതോരണങ്ങളും, മുത്തുക്കുടകളും, പൊന്‍ വെള്ളിക്കുരിശുകളും, ബാന്‍ഡ് മേളങ്ങളും, ചെണ്ടമേളങ്ങളും അകമ്പടി സേവിക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും സംവഹിക്കും.
പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും ഊട്ട് നേര്‍ച്ചയും നടക്കും. തുടര്‍ന്ന് സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫണ്‍ഫെയറിന് തുടക്കമാകും. നാട്ടില്‍ പെരുനാള്‍ കൂടുന്ന അതേ അനുഭൂതി മലയാളി സമൂഹത്തിന് ലഭ്യമാക്കുവാന്‍ തട്ടുകടകള്‍ വെച്ചും, ബലൂണ്‍ കടകള്‍, ബൗന്‍സി കാസിലുകള്‍, ഫെയിസ് പെയിന്റിംഗുകള്‍ തുടങ്ങിയ ഒട്ടേറെ സ്റ്റാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഒരു ദിവസം മുമ്പ് നീളുന്ന ഉല്ലാസം ലഭിക്കുന്ന തരത്തിലാണ് ഫണ്‍ഫെയര്‍ പ്രവര്‍ത്തിക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു. തിരുനാളില്‍ പങ്കെടുത്ത വിശുദ്ധരുടെ മധ്യസ്ഥം തേടുവാന്‍ ഏവരെയും ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല