1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഏറ്റവും മോശം വിമാനത്താവളം മാഞ്ചസ്റ്റര്‍ ആണെന്ന് സര്‍വേ ഫലം. 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ കാലയളവിലെ യാത്രാനുഭവങ്ങളില്‍ നിന്നും ആണ് യാത്രക്കാര്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. സീറ്റിംഗ് ക്രമീകരണം, കടകളിലെ സാധനങ്ങളുടെ വില, നീണ്ട ക്യു, ബാഗ് ഡ്രോപ്, സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളെ പരിഗണിച്ചാണ് ഈ സര്‍വേ നടത്തിയത്. പ്രമുഖ ഉപഭോക്തൃ സംഘടനയായ ‘വിച്ച്’ നടത്തിയ ഈ സര്‍വേയില്‍ 4000 ഓളം പേര്‍ പങ്കെടുത്തിരുന്നു.

സീറ്റിംഗ് ക്രമീകരണം, ജീവനക്കാരുടെ പെരുമാറ്റം, ശൗച്യാലയങ്ങള്‍, ചെക്ക് ഇന്നിലെ ക്യു, ബാഗ് ഡ്രോപ്, പാസ്സ്പോര്‍ട്ട് കണ്‍ട്രോള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി പതിനൊന്നോളം വിഭാഗങ്ങളില്‍ റേറ്റിംഗ് നല്‍കാന്‍ സര്‍വേയില്‍ പങ്കെടുത്തവരോട് ആവശ്യപ്പെടുകയായിരുന്നു എന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജൂണ്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ റേറ്റിംഗ് നടത്തുവാനായിരുന്നു ആവശ്യപ്പെട്ടത്.

ഇതിലാണ് സേവനത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശപ്പെട്ട വിമാനത്താവളമെന്ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തെ സര്‍വേ കണ്ടെത്തിയത്. കഴിഞ്ഞ വേനല്‍ക്കാലത്ത് ലഭ്യമായ സേവനമായിരുന്നു പ്രധാനമായും കണക്കിലെടുത്തത്. ഇതില്‍ ക്യുവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തികച്ചും യാത്രക്കാരുടെ വ്യക്തിഗത അനുഭവങ്ങളില്‍ ഊന്നിയുള്ളതായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്.

അതേസമയം,രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് സുഗമമായ യാത്രാനുഭവം മാഞ്ചസ്റ്റര്‍ വിമാനത്താവളം നല്‍കുന്നു എന്നായിരുന്നു മാഞ്ചസ്റ്റര്‍ വിമാനത്താവള വക്താവ് അറിയിച്ചത്. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം കാഴ്ച്ച വയ്ക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കഴിഞ്ഞ വേനലിലും ക്രിസ്മസ്, ഈസ്റ്റര്‍ അവസരങ്ങളിലും നല്ല അഭിപ്രായമായിരുന്നു പൊതുവെ തങ്ങളെ കുറിച്ച് യാത്രക്കാര്‍ പറഞ്ഞതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

2022 ഏപ്രില്‍ മുതല്‍ 3000 ഓളം പുതിയ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ഇത് മികച്ച ഉപഭോക്തൃ സേവനം നല്‍കുവാന്‍ സഹായിക്കുന്നു. അതുപോലെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കായി മുതല്‍ മുടക്കിയിട്ടുമുണ്ട്. തങ്ങള്‍ ഉപഭോക്താക്കളുടെ എല്ലാത്തരം പ്രതികരണങ്ങളേയും ഗൗരവകരമായി എടുക്കുന്നു എന്ന് പറഞ്ഞ വക്താവ്, വിച്ച് സര്‍വേ റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്നും പറഞ്ഞു.

2022 ജൂണ്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള യാത്രകളെ അടിസ്ഥാനമാക്കിയ സര്‍വ്വേയില്‍ വേനല്‍ക്കാലത്തിന്റെ മിക്ക പങ്കും ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഓരോ വര്‍ഷവും 25 മില്യന്‍ യാത്രക്കാരാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളം ഉപയോഗിക്കുന്നത്. അത്തരം സാഹചര്യത്തില്‍ കേവലം 4000 പേര്‍ മാത്രം പങ്കെടുത്ത സര്‍വേഫലം എത്രത്തോളം ഫലവത്താണെന്നതില്‍ സംശയമുണ്ട് എന്നും വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.