ഷാജി ജോസഫ് (പബ്ലിസിറ്റി കൺവീനർ): പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പിതാവ് ശ്ലൈഹീക സന്ദർശനത്തിനായി മാഞ്ചെസ്റ്ററിലേക്ക് എഴുന്നള്ളി വരുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ പുതുതായി പണികഴിപ്പിച്ച സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വി.മൂറോൻ കൂദാശയ്ക്ക് വേണ്ടിയാണ് പരിശുദ്ധ പിതാവ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ മാഞ്ചെസ്റ്ററിലേക്ക് എഴുന്നള്ളുന്നത്. മാഞ്ചെസ്റ്ററിലേക്ക് എഴുന്നള്ളി വരുന്ന പിതാവിന് അഭിവന്ദ്യ തിരുമേനിമാരും, MSOC UK കൗൺസിലും, മാഞ്ചസ്റ്റർ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേർന്ന് ആവേശോജ്ജ്വലമായ സ്വീകരണം നൽകും.
2023 മെയ് 12-ാം തീയതി മാഞ്ചസ്റ്ററിൽ ആഗതനാകുന്ന പിതാവ് 13, 14 ദിവസങ്ങളിലായി നടക്കുന്ന വി.മൂറോൻ കൂദാശയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 12-ാം തീയതി പരിശുദ്ധ പിതാവ് ഇടവകാംഗങ്ങളുമായി ഒരു സംഗമം നടത്തുകയും ചെയ്യും. 13-ാം തീയതി രാവിലെ UK-യിലെ യാക്കോബായ വിശ്വാസികൾക്ക് വേണ്ടി യൂണിവേഴ്സിറ്റി ഓഫ് ബോൾട്ടൻ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച വി.മദ്ബഹായിൽ പരിശുദ്ധ പിതാവ് വി.കുർബ്ബാന അർപ്പിക്കുകയും അന്നേ ദിവസം 4 മണിയോട് കൂടി വി.മൂറോൻ കൂദാശയ്ക്കുള്ള ആരംഭം കുറിക്കുകയും ഏകദേശം 9 മണിയോട് കൂടി ആ ദിവസത്തെ പ്രാർത്ഥനകർമ്മങ്ങൾക്കു വിരാമമാക്കുകയും ചെയ്യും.
14-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിയോട് കൂടി പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാനയാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനു ശേഷം പരിശുദ്ധ പിതാവ് മുഖ്യാതിഥി ആയി കൊണ്ട്, ക്ഷണിക്കപ്പെട്ട അതിഥികളും ഇടവക ജനങ്ങളും ചേർന്നുള്ള പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാവിധ ആത്മീയ സാമൂഹിക പരിപാടികൾക്കും ശേഷം 15-ാം തീയതി പരിശുദ്ധ പിതാവ് തിരികെ പോകുന്നതായിരിക്കും. ഇടവകയുടെ ഈ ധന്യ മുഹൂർത്തത്തിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങളും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല