സാബു ചുണ്ടക്കാട്ടില്‍
യുകെയിലെ വിശ്വാസി സമൂഹം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റര്‍ ദുക്റാന തിരുന്നാളിന് ഈ മാസം 28 നു ഞായറാഴ്ച കൊടിയേറും. തുടര്‍ന്ന് ജൂലൈ 3 വരെ വൈകുന്നേരം 5 നു ദിവ്യ ബലിയും മധ്യസ്ഥ പ്രാര്‍ത്ഥനയും ലദീഞ്ഞും നടക്കും. ദുക്റാന തിരുന്നാളിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഇക്കുറി ഒരാഴ്ച നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.
28 ഞായറാഴ്ച വൈകുന്നേരം 5 നു ഇടവക വികാരിയും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലയിനുമായ റവ. ഡോ. ലോനപ്പന് അരങ്ങാശേരി ഒരാഴ്ച നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും ദിവ്യ ബലിയും ലദീഞ്ഞും മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും.
30 ചൊവ്വാഴ്ച ലത്തീല്‍ ക്രമത്തില്‍ നടക്കുന്ന ദിവ്യ ബലിയില്‍ ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് കാര്‍മികനാകും. ജൂലൈ ഒന്നാം തീയതി നടക്കുന്ന ദിവ്യ ബലിയിലും മറ്റ് തിരുക്കര്‍മ്മങ്ങളിലും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. തോമസ് മടുക്കമൂട്ടില്‍ കാര്‍മ്മികനാകും. ജൂലൈ 3 വെള്ളിയാഴ്ച നടക്കുന്ന ദിവ്യബലിയില്‍ ഷ്രൂസ്ബറി രൂപത ക്നാനായ ചാപ്ലയിന്‍ ഫാ. സജി മലയില പുത്തന്‍പ്പുര കാര്‍മികനാകും. 28 മുതല്‍ ജൂലൈ 3 വരെ ദിവസവും വൈകുന്നേരം 5 മുതല്‍ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുക.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ നാലാം തീയതി രാവിലെ 10 നു അഭിവന്ദ്യ പിതാക്കന്മാരെയും വൈദീക ശ്രേഷ്ഠരെയും ചെണ്ട മേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചു കമനീയമായി അലങ്കരിച്ചു മോടി പിടിപ്പിച്ച സെന്റ് ആന്റണീസ് ദേവാലയത്തിന്റെ ആള്‍ത്താരയിലേക്ക് ആനയിക്കുന്നതോടെ ആഘോഷപ്പൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്മികനാകുവാന് നാട്ടില്‍ നിന്നും എത്തിച്ചേരും. ഷ്രൂസ്ബറി അതിരൂപത ബിഷപ്പ് മാര്‍ക്ക് ഡേവീസ് ദിവ്യ ബലി മദ്ധ്യേ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും ഊട്ട് നേര്‍ച്ചയും നടക്കും.
തുടര്‍ന്ന് സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൌണ്ടില് പ്രശസ്ത പിന്നണി ഗായകന് കെ. ജി. മാര്‍ക്കോസ് നയിക്കുന്ന ഗാനമേളയും അരങ്ങേറും. നാട്ടിലെ പള്ളി മൈതാനങ്ങളെ അനുസ്മരിക്കും വിധം തട്ടുക്കടകളും, ഗെയിമുകളും, ബൗണ്‍സി കാസിലുമെല്ലാം സ്കൂള്‍ ഗ്രൌണ്ടില് ഒരുക്കും. ഇടവക വികാരി റവ. ഡോ. ലോനപ്പന് അരങ്ങാശേരിയുടെ നേതൃത്വത്തില്‍ ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി, ട്രസ്ടിമാരായ ജോജി ജോസഫ്, സായി ഫിലിപ്, രാജു ആന്റണി, നോയല്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മറ്റി തിരുന്നാള്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല