സാബു ചുണ്ടക്കാട്ടില്‍
‘ഇംഗ്ലണ്ടിലെ മലയാറ്റൂര്‍ ‘ എന്ന് പ്രസിദ്ധമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍. തോമശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്തതിരുനാള്‍ ജൂലൈ നാലാം തീയതി ശനിയാഴ്ച നടക്കും. മാôസ്റ്ററിന്റെ ഹൃദയഭാഗത്ത് രാജകീയ പ്രൗഢിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനാകുവാന്‍ എത്തിച്ചേരും.
ഷ്രൂഷ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിഡ്, യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തിച്ചേരുന്ന വൈദിക ശ്രേഷ്ഠരും തിരുന്നാള്‍ കുര്‍ബാനയില്‍ കാര്‍മ്മികരാകും. രാവിലെ 10.30 ന് അഭിവദ്ധ്യപിതാക്കന്മാരെയും വൈദികരെയും ചെണ്ടമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് ആനയിക്കുന്നതോടെ സീറോ മലബാര്‍ സഭയുടെ ഏറ്റവും വലിയ ആഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് തുടക്കമാവും.
ദിവ്യബലി മദ്ധ്യേ ബിഷപ്പ് മാര്‍ക്ക് ഡേവിഡ് തിരുന്നാള്‍ സന്ദേശം നല്‍കും. തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് പൊന്‍ വെള്ളികുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാവും. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവജനസംഘടനകളും പതാകകള്‍ വഹിച്ച് പ്രദഷിണത്തിന് മുന്‍ നിരയില്‍ നീങ്ങും. പൗരാണികത വിളിച്ചോതുന്ന തിരുന്നാള്‍ പ്രദഷിണം വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയാണ്.
പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും നേര്‍ച്ച വിതരണവും നടക്കും. ഇതേ തുടര്‍ന്ന് സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കലാസന്ധ്യയ്ക്ക് തുടക്കമാവും. തട്ടുകടകളും, കുപ്പിവളകള്‍, ബലൂണ്‍ മാമനും തുടങ്ങി നാട്ടിന്‍ പുറത്ത് ലഭിക്കുന്നതെല്ലാം മാഞ്ചസ്റ്റര്‍ തിരുനാളിലും ലഭ്യമാവും. യുകെ മലയാളിയുടെ ആത്മീയ ഉത്സവമായ ദുക്‌റാന തിരുനാളില്‍ പങ്കെടുക്കുവാന്‍ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ അന്നേ ദിവസം മാഞ്ചസ്റ്ററില്‍ എത്തിച്ചേരും.
ഇടവക വികാരി ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി തിരുന്നാള്‍ വിസ്മയത്തിനായി പ്രവര്‍ത്തനം ആരംഭിച്ചു. മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും റവ.ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല