1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2015

സാബു ചുണ്ടക്കാട്ടില്‍

യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്ററില്‍ ജൂലൈ നാലിന് നടക്കുന്ന ദുക്‌റാനാ തിരുനാളില്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ ബോള്‍ട്ടണ്‍ ബീറ്റ്‌സും ബെര്‍ക്കിന്‍ഹെഡ് ദൃശ്യകലയും എത്തുന്നു. മാഞ്ചസ്റ്റര്‍ തിരുനാളില്‍ മാറ്റുരയ്ക്കാന്‍ ഇരുകൂട്ടരും ആഴ്ചകളായി കൈയും മെയ്യും മറന്നുള്ള പരിശീലനത്തിലാണ്. യുകെയിലെ ചെണ്ടമേളങ്ങളില്‍ ഒന്നാംസ്ഥാനക്കാരെന്ന് അവകാശപ്പെടുന്ന ബോള്‍ട്ടണ്‍ ബീറ്റ്‌സ് അവരുടെ അവസാനഘട്ട പരിശീലനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇവര്‍ക്കൊപ്പം തിരുനാള്‍ പ്രദക്ഷിണത്തില്‍ സ്‌കോര്‍ട്ടിഷ് പൈപ്പ് ബാനഡും അണിനിരക്കുന്നതോടെ മികച്ചൊരു മേളവിരുന്നാണ് കാണികള്‍ക്ക് മാഞ്ചസ്റ്ററില്‍ ഒരുങ്ങുന്നത്.

ജൂലൈ നാലിന് രാവിലെ പത്തിനു നടക്കുന്ന ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണത്തിലാണ് മേളവിസ്മയം അരങ്ങറുക. കഴിഞ്ഞ ആറു വറഷക്കാലമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ കലാവിരുന്ന് തെളിയിച്ച ബോള്‍ട്ടണ്‍ ബീറ്റ്‌സ് യുകെയിലെ മലയാളികള്‍ക്കു മാത്രമല്ല പാശ്ചാത്യ സമൂഹത്തിന്റെയും ആഘോഷവേളകളിലെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്.

പൂരങ്ങളുടെ നാടായ തൃശൂരില്‍നിന്നുള്ള രാധേഷ് നായരാണ് ബോള്‍ട്ടണ്‍ ബീറ്റ്‌സിന്റെ അമരക്കാരന്‍. ഇദ്ദേഹത്തെ കൂടാതെ രഞ്ജിത് ഗണേഷ്, അലന്‍ കുര്യന്‍ എന്നിവര്‍ ഉരുട്ടു ചെണ്ടയിലും നോയല്‍ തോമസ്, അഭി അജയ്, ജോസുകുട്ടി എന്നിവര്‍ ഇലത്താളത്തിലും ജയിന്‍ ജോസഫ് ജോഷി വര്‍ക്കി, ഷാജി ജോസ് എന്നിവര്‍ വീക്കം ചെണ്ടയിലും മേളപ്പെരുക്കം തീര്‍ക്കും.

യുകെയില്‍ ഒട്ടേറെ മേളങ്ങള്‍ ഉണ്ടെങ്കിലും ബോള്‍ട്ടണ്‍ ബീറ്റ്‌സ് തങ്ങളുടെ മേളാവതരണം തികച്#ു#ം കേരളീയ ശൈലിയില്‍തന്നെയാണ് നടത്തിവരുന്നത്. ചെറു ചെമ്പടയില്‍ തുടങ്ങി ഒന്‍പതു വിവിധതരം താളമേളങ്ങളോടെ ബോള്‍ട്ടണ്‍ ബീറ്റ്‌സ് മേളപ്പെരുക്കം തീര്‍ത്ത് മുന്നേറുമ്പോള്‍ മേളാസ്വാദകര്‍ക്ക് അതിസുന്ദരമായ വിരുന്നാണ് മാഞ്ചസ്റ്ററില്‍ ഒരുങ്ങുന്നത്. ഒട്ടേറെ വേദികളില്‍ മേളവിസ്മയം തീര്‍ത്ത് മുന്നേറുന്നബോള്‍ട്ടണ്‍ ബീറ്റ്‌സ് ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ തിരുനാളില്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ എത്തുന്നത്. ഇക്കുറി താള നൃത്തച്ചുവടുകളിലൂടെയുള്ള മേളാവതരണമാണ് മാഞ്ചസ്റ്റര്‍ തിരുനാളില്‍ ബോള്‍ട്ടണ്‍ ബീറ്റ്‌സ് പുറത്തെടുക്കുക.

2008ല്‍ രൂപംകൊണ്ട് ബര്‍ക്കിന്‍ഹെഡ് ദൃശ്യകലാ ടീമിനും മാഞ്ചസ്റ്റര്‍ തിരുനാള്‍ അഭിമാനപ്രശ്‌നമാണ്. ജോഷി ജോസഫിന്റെനേതൃത്വത്തില്‍ എത്തുന്ന ബെര്‍ക്കിന്‍ഹെഡ് ദൃശ്യകലാ ടീം 2008 മുതല്‍ മാഞ്ചസ്റ്റര്‍ തിരുനാളില്‍ തുടര്‍ച്ചയായി മേളവിസ്മയം തീര്‍ത്തുവരികയാണ്. ജോഷിയെ കൂടാതെ സിന്‍ഷോ മാത്യു, സജീഷ് ജേക്കബ്, സോജന്‍ തോമസ്, ജിബു കുടിലില്‍, അജിത്കുമാര്‍, സാം ചക്കട, ഷിബു മാത്യു, ബിനോയി ജോര്‍ജ്, നിഥിന്‍ എസ്. നായര്‍ എന്നിവര്‍ ചേരുന്നതാണ് ബെര്‍ക്കിന്‍ഹെഡ് ടീം.

കാവി മുണ്ടും വെള്ള ബെനിയനും ധരിച്ചെത്തുന്ന ഇവര്‍ വരുമാനമാര്‍ഗം എന്നതിലും ഉപരിയായി തനതായ കേരളീയ കലകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. തൃശൂരില്‍നിന്നുമാണ് ഇവര്‍ ചെണ്ടയും മറ്റും യുകെയില്‍ എത്തിച്ച് പരിശീലനം നടത്തിയത്. തിരുനാളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മേളവിസ്മയം തീര്‍ക്കാന്‍ ജൂലൈ നാലിനായി കാത്തിരിക്കുകയാണ് ബര്‍ക്കിന്‍ഹെഡ് ടീം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.