മാന്‍ചെസ്റ്ററില്‍ നടക്കുന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനായി യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സ് യുകെ യില്‍ എത്തിച്ചേര്‍ന്നു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിനെത്തിച്ചേര്‍ന്ന അഭി. തിരുമേനിക്ക് മാന്‍ചെസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഏയര്‍പോര്‍ട്ടില്‍ ബഹു. ഇടവക വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഫാ. എല്‍ദോസ് (ഡെന്മാര്‍ക്ക്) മാന്‍ചെസ്റ്റര്‍ ഇടവകയുടെ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങളും, ഇടവകഗങ്ങളും ചേര്‍ന്നു ചേര്‍ന്ന് ഉഷ്മളമായ സ്വീകരണം നല്‍കി..
ഈ വരുന്ന ശനിയാഴ്ചയും, ഞായറാഴ്ചയും മാന്‍ചെസ്റ്റര്‍, മോര്‍ ഒസ്താത്തിയൊസ് സ്ലീബാ നഗറില്‍, (wythenshaw forum Centre, wythenshaw, M22 5RX) മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്സ് പള്ളിയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 29 ശനിയാഴ്ച രാവിലെ 9.00 മണിക്കു റജിസ്‌ട്രേഷന്‍ ആരം ഭിക്കുന്നതും 9.30 നു അഭിവന്ദ്യ തിരുമേനിമാര്‍ക്കും വിശിഷ്ട അതിഥികള്‍ക്കും സ്വീകരണം. 9.45 നു പതാക ഉയര്‍ത്തല്‍. 10.00 മണിക്കാരംഭിക്കുന്ന ഉത്ഘാടന സമ്മേളനം യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഡോ. മാത്യൂസ്സ് മോര്‍ അപ്രേം തിരുമേനി അധ്യക്ഷത വഹിക്കുന്നു, പ്രസ്തുത യോഗത്തില്‍ ക്‌നാനായ അതി ഭദ്രാസനാധിപന്‍ ആഭി. കുര്യാക്കോസ് മോര്‍ സേവേറിയോസ് തിരുമേനി ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം നിര്‍വഹിക്കുന്നു. ‘എങ്കലേക്കു തിരിഞ്ഞു കൊള്‍ക; ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു’ (യശയ്യാവു 44:22) എന്ന വേദ വചനം ഈ വര്‍ഷത്തെ ചിന്താവിഷയമായി ക്രമീകരിച്ചിരിക്കുന്നു. ഉച്ചയ്ക്ക് രണ്ട്ു മണിക്കാരംഭിക്കുന്ന ക്ലാസുകള്‍ക്ക് ബഹു. റവ. ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കുന്നു. കുട്ടികള്‍ക്കും യൂത്തിനുമായുള്ള പ്രത്യേകം ക്ലാസ്സുകളും ക്രമീകരിച്ചിരിക്കുന്നു. വൈകിട്ട് 6.00 നു സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു 7.00 മണിയോടു യു കെ യില്‍ അബര്‍ഡീന്‍ മുതല്‍, ഈസ്റ്റ് ബോണ്‍ വരയുള്ള ഇരുപത്തിരണ്ട് ഇടവകകളില്‍ നിന്നും പരമ്പരാഗത ക്രിസ്ത്യന്‍ തനിമയിലും ശൈലിയിലുമുള്ള കലാ രൂപങ്ങള്‍ വിവിധ ഇടവകകളില്‍ നിന്നുള്ള കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്നു.
ഞയറാഴ്ച രാവിലെ 9.00 പ്രഭാത പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കുന്നതും തുടര്‍ന്നു അഭിവന്ദ്യ തിരുമേനിമാരുടെ മഹനീയ കാര്‍മ്മികത്ത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും, ആശീര്‍വാദവും, ശേഷം വിശിഷ്ട അതിഥികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സമാപന സമ്മേളനവും 1.00 മണിക്കു സദ്യയും ക്രമികരിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ സംഗമം വന്‍ വിജയമാക്കുവാന്‍ എല്ലാ യാക്കോബായ വിശ്വാസികളേയും ഈ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല