ജോസ് പുത്തന്‍കളം: മാഞ്ചസ്റ്റര്‍ ക്‌നാനായ സാഗരമാകും; വിരുന്നുകാരെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍ ക്‌നാനായക്കാര്‍. പ്രഥമ ക്‌നാനായ തിരുനാളിനു രണ്ടു ദിനങ്ങള്‍ കൂടി മാത്രം അവശേഷിക്കെ യുകെ ദര്‍ശിക്കാന്‍ പോകുന്ന ഏറ്റവുമധികം ആളുകള്‍ പങ്കെടുക്കുന്ന ഖ്യാതി ഇനി ക്‌നാനായ തിരുനാളിനു സ്വന്തമാകും.
യുകെ ക്‌നാനായ കാത്തലിക് അസോസിയേഷനിലെ 50 യൂണിറ്റുകളില്‍ നിന്നും സമുദായാംഗങ്ങള്‍ പ്രഥമ ക്‌നാനായ തിരുനാളിന് എത്തിച്ചേരുമ്പോള്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ സാഗരമായി മാറും. വിശ്വാസം, പാരമ്പര്യം എന്നിവ മുറുകെപിടിക്കുന്ന ക്‌നാനായ സമുദായാംഗങ്ങള്‍ സമുദായ വികാരം നെഞ്ചിലേറ്റി പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ ആചരിക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ ദര്‍ശിക്കാന്‍ പോകുന്ന ഏറ്റവും വലിയ കൂട്ടായ്മയാകും. വിദൂര സ്ഥലങ്ങളില്‍ നിന്നും തിരുനാളില്‍ സംബന്ധിക്കുവാന്‍ എത്തുന്ന വിരുന്നുകാരെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍ ക്‌നാനായ ചാപ്ലൈന്‍സിയുടെ കീഴിലുള്ള ഓരോ കുടുംബാംഗങ്ങളും തയാറെടുത്തു. തിരുനാളിനു വേണ്ടതായ ഒരുക്കങ്ങള്‍ ഓരോ കൂടാര യോഗങ്ങള്‍ വഴി തകൃതിയായി നടന്നു വരികയാണ്.സെന്റ് ആന്റണീസ് ദേവാലയത്തിന്റെ ചരിത്രത്തില്‍ ദര്‍ശിക്കാന്‍ പോകുന്ന ഏറ്റവും മികച്ച അലങ്കാരങ്ങളായിരിക്കും പ്രഥമ ക്‌നാനായ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ദേവാലയത്തിന്റെ അകത്തും പുറത്തും വര്‍ണമനോഹരങ്ങളായ അലങ്കാരങ്ങളാല്‍ സെന്റ് ആന്റണീസ് ദേവാലയം പ്രശോഭിക്കും.യൂറോപ്പിലെ തന്നെ പ്രഥമ ക്‌നാനായ ചാപ്ലൈന്‍സിയുടെ പ്രഥമ തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കുശേഷം പ്രൗഢഗംഭീരമായ പൊതുസമ്മേളനവും സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും വിവിധ ഭക്ത സംഘടനകളുടെ വാര്‍ഷികവും നടക്കും. ഇടവക ജനമൊരുക്കുന്ന ‘മെഗാഷോ”’ സദസിനെ ആവേശഭരിതമാക്കും. സ്വാഗത നൃത്തം മുതല്‍ നന്ദി പ്രകാശനം വരെ ഏറ്റവും മികച്ച കലാവിരുന്നാണ് തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്നത്. ഫാ. സജി മലയില്‍ പുത്തന്‍പുര ജനറല്‍ കണ്‍വീനറായി റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായില്‍, മാര്‍ട്ടിന്‍ മലയില്‍ എന്നിവര്‍ കണ്‍വീനര്‍മാരായി നിരവധി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തിരുനാളിനു വേണ്ടതായ ഒരുക്കങ്ങള്‍ നടത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല