
സാജൻ ചാക്കോ (മാഞ്ചസ്റ്റർ): യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ മിഷനിൽ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാൾ നാളെ ശനിയാഴ്ച (12/10/19) രാവിലെ 10 മണിക്ക് ആഘോഷമായ പാട്ടുകുർബ്ബാനയോടു കൂടി ആരംഭിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാർമികനാകും. സഹകാർമികരായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾമാരായ ഫാ.സജി മലയിൽ പുത്തൻപുരയിൽ, ഫാ.ആൻറണി ചൂണ്ടെലിക്കാട്ട്, യുകെയിലെ മറ്റ് സ്ഥലങ്ങളിലുള്ള ക്നാനായ വൈദികർ മാഞ്ചസ്റ്ററിലുള്ള മറ്റ് സീറോ മലബാർ വൈദികർ തുടങ്ങിയവർ സഹകാർമികരാകും. നോർത്തെൻഡനിലെ സെന്റ്. ഹിൽഡാസ് ദേവാലയത്തിലാണ് തിരുന്നാൾ തിരുക്കർമങ്ങൾ നടത്തപ്പെടുക
കഴിഞ്ഞ ഞായറാഴ്ച നടന്ന ദിവ്യബലിയോടനുബന്ധിച്ച് തിരുനാൾ ഏറ്റെടുത്ത് നടത്തുന്നവരെ പ്രസുദേന്തിമാരായി വാഴിച്ചു. അന്നേ ദിവസം ഈ വർഷം ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ അനുമോദിച്ചു. തിരുനാളിനോടനുബന്ധിച്ച് എല്ലാ ദിവസവും നടന്നു വന്നിരുന്ന ജപമാല ഇന്ന് സമാപിക്കും. മിഷനിലെ കൂടാരങ്ങളുടെ നേതൃത്വത്തിലാണ് ജപമാല നടത്തപ്പെട്ടത്.
സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും
തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് വിഥിൻഷോ ഫോറം സെന്ററിൽ സൺഡേ സ്കൂൾ വാർഷികവും ഇടവക ദിനാഘോഷവും നടക്കും. രണ്ട് മണിക്ക് സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്യുതോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. സൺഡേ സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാവിരുന്നും കെ.സി.വൈ.എൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെയും അമൃത ടി വി, മഴവിൽ മനോരമ, കൈരളി ചാനൽ തുടങ്ങിയവയിലൂടെ കാണികളെ കോരിത്തരിപ്പിച്ച അനൂപ് പാലാ, ഷിനോ പോൾ, അറഫത്ത് കടവിൽ തുടങ്ങിയ മലയാളം സിനിമാതാരങ്ങളും പിന്നണി ഗയകരും അണിനിരക്കുന്ന സ്റ്റേജ് ഷോയും ഉണ്ടാകും.
തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നു. തിരുനാളിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ട്രസ്റ്റിമാരായ പുന്നൂസ് ചാക്കോ, ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി എന്നിവർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല