മാഞ്ചസ്റ്റര്‍: കഴിഞ്ഞ ദിവസം മാഞ്ചസ്‌റ്ററിലെ ബാഗുലിയില്‍ സെന്റ് മാര്‍ട്ടിന്‍സ് ചര്‍ച്ച് ഹാളില്‍ നടന്ന മലയാളി കൂട്ടായാമ വെറും പ്രഹസനമാണ്. യോഗത്തില്‍ പങ്കെടുക്കാത്തവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഒരു കാര്യവും തീരുമാനിക്കാതെ പിരിഞ്ഞു പോയ യോഗമായിരുന്നു അത്. പിന്നീട് യുകെയിലെ ഓണ്‍ ലൈന്‍ മാധ്യമത്തിലൂടെയാണ് സംഘടനാ ഭാരവാഹികളെ അറിഞ്ഞത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും സാമാന്യ മാര്യാദയ്‌ക്ക് നിരക്കാത്തതുമാണ്. ഈ യോഗവുമായി ഒഐസിസിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ഒഐസിസി നാഷണല്‍ അഡ്‌ഹോക്ക് കമ്മറ്റി അറിയിച്ചു. മലയാളി യോഗത്തില്‍ ഒഐസിസി പ്രതിനിധികളായി പങ്കെടുത്ത ദേശീയ ജനറല്‍ സെക്രട്ടറി ലക്‌സണ്‍ കല്ലുമാടിക്കല്‍, മാഞ്ചസ്റ്റര്‍ റീജിയന്‍ പ്രസിഡന്റ് ബെന്നിച്ചന്‍ മാത്യു റീജിയന്‍ ട്രഷറര്‍ ജോയി കുര്യാക്കോസ് കമ്മറ്രി അംഗം മാത്യു ജേക്കബ്ബ് എന്നിവര്‍ കേരള കമ്മ്യൂണിറ്റി ആക്ഷന്‍സ കൗണ്‍സിലുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ താല്‌പര്യമില്ലെന്ന് പ്രസ്‌താവിച്ചു.ആദ്യ യോഗത്തില്‍ സ്റ്റിയറിംഗ് കമ്മറ്റി മെമ്പറായി തെരഞ്ഞെടുത്ത സാബു ചൂണ്ടക്കാട്ടില്‍ രാജി വച്ചു. ഇങ്ങനെ നടത്തിയ യോഗത്തില്‍ യാതൊരുവിധ നന്മയും മലയാളി സമൂഹത്തിന് ചെയ്യുവാന്‍ കഴിയില്ലെന്ന് ഒഐസിസി ക്കുബോധ്യമായെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സാല്‍ഫോര്‍ഡിലെ സാല്‍വിന്‍ ദേവസ്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സാല്‍വിന്റെ ഭാര്യയെ ആക്രമിച്ചു മോഷണം നടത്തിയ സംഭവത്തില്‍ ഒഐസിസി നാഷണല്‍ അഡ്‌ഹോക് കമ്മറ്റി പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ , ലക്‌സണ്‍ കല്ലുമാടിക്കല്‍, ബെന്നിച്ചന്‍ മാത്യു, ജോയി കുര്യാക്കോസ്, എന്നിവര്‍ അവരുടെ ഭവനം സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചു. തുടര്‍ന്ന് ഒഐസിസി രക്ഷാധികാരിയും കെപിസിസി മെമ്പറുമായ അഡ്വ. എംകെ ജിന്‍ദേവ്, ഈ സംഭവം പ്രവാസികാര്യ മന്ത്രി വയലാര്‍ രവി,കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ശ്രദ്ധയില്‍ പെടുത്തി. വയലാര്‍ജി യുകെയിലെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്‌ത് ഇതിനൊരു ശാശ്വത പരിഹാരത്തിന് ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഏതു പ്രശ്‌നങ്ങളിലും ഒരു സാന്ത്വനമേകാനുള്ള ഇച്ഛാ ശക്തിയും ധാര്‍മ്മിക ഉത്തരവാദിത്വവും ഒഐസിസിക്കുണ്ട്. തുടര്‍ന്നും ഇന്ത്യന്‍ മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി രൂപീകൃതമായ ഒഐസിസി യുകെ അതിന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണ്ണമായും നിര്‍വഹിക്കുമെന്നും ഒഐസിസി ദേശീയ നേതൃത്വം അറിയിച്ചു.
മാഞ്ചസ്റ്റര്‍ ഒഐസിസി റീജിയന്‍ പ്രസിഡന്റ് ബെന്നിച്ചന്‍ മാത്യു അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേശീയ പ്രസിഡന്റ് വിനോദ് ചന്ദ്രന്‍, ദേശീയ സെക്രട്ടറി ലക്‌സണ്‍ കല്ലുമാടിക്കല്‍, റീജിയന്‍ ജനറല്‍ സെക്രട്ടറി സൈലസ് എബ്രഹാം, റീജിയന്‍ ട്രഷറര്‍ ജോയി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ബാബു തോമസ്, റീജിയന്‍ ജോയിന്റ് സെക്രട്ടറി ഷൈജു മാത്യു, മറ്റ് കമ്മറ്റി അംഗങ്ങളായ മാത്യു ജേക്കബ്ബ്, സാജു കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല