മാഞ്ചസ്റ്റര്‍: മോഷ്ടാക്കള്‍ സംഘടിതമായി മാഞ്ചസ്ററിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി കുടുംബങ്ങളെ ലക്ഷ്യമാക്കിയതോടെ ഏവരും ആശങ്കയില്‍. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാഞ്ചസ്ററിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം ചെറുതും വലതുമായ മോഷണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വര്‍ണവും പണവും ലക്ഷ്യമാക്കിയാണ് പ്രധാനമായും മോഷ്ടാക്കള്‍ എത്തുന്നത്. സ്വര്‍ണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് തിരിച്ചറിയുവാന്‍ സെന്‍സറുമായാണ് മോഷ്ടാക്കള്‍ എത്തുന്നത്.
രണ്ടാഴ്ചമുമ്പ് ഡിസ്ബബുറി, റഷോം, ഫ്ളോഫില്‍ഡ് മേഖലകളില്‍ വ്യാപക മോഷണമാണ് നടന്നത്. സ്വര്‍ണം, പണം, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയും മോഷണംപോയി. പേര് പുറത്തുപറയാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞങ്ങള്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നില്ല. ഇതില്‍ ഏറ്റവും ആശ്ചര്യമായത് ഒരു വീട്ടില്‍തന്നെ അടുത്തടുത്തു രണ്ടുതവണ മോഷണം നടന്നു എന്നതാണ്. മോഷണം വ്യാപകമായതോടെ മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ.ഡി. ഷാജിമോന്റെ നേതൃത്വത്തില്‍ അടിയന്തരമായി എക്സിക്യൂട്ടീവ് കമ്മിറ്റി വിളിക്കുകയും അസോസിയേഷന്‍ കുടുംബങ്ങള്‍ക്ക് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇ-മെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ചിതംഹില്‍, മോസ്റണ്‍, സാല്‍ഫോര്‍ഡ് മേഖലകളിലും മോഷണപരമ്പര അരങ്ങേറിയത്. സാല്‍ഫോര്‍ഡില്‍ അടുപ്പിച്ചു നടന്ന മോഷണങ്ങള്‍ മലയാളി സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്. ബില്‍ എടുത്തുവയ്ക്കാന്‍ പുറത്തിറങ്ങിയ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും സ്കൂളില്‍നിന്നു കുട്ടികളെ കൂട്ടുവാന്‍ പോയശേഷം തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്ന മോഷ്ടാക്കള്‍ സ്വര്‍ണവും പണവും മോഷ്ടിച്ച് കടന്ന സംഭവവും ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. അടുത്തിടെ ബോള്‍ട്ടണില്‍ നടന്ന മോഷണത്തില്‍ മലയാളി കുടുംബത്തിനു വ്യാപക നഷ്ടങ്ങള്‍ വരുത്തിവച്ചിരുന്നു. വിന്റര്‍ തുടങ്ങിയതിനു തൊട്ടുപിന്നാലെ അരങ്ങേറുന്ന മോഷണ പരമ്പരയില്‍ മലയാളി സമൂഹം ഉത്കണ്ഠാകുലരാണ്.
പ്രധാനമായും സ്വര്‍ണം ലക്ഷ്യമാക്കിയാണ് മലയാളി കുടുംബങ്ങളില്‍ മോഷണം നടക്കുന്നതെന്ന് പറയപ്പെടുന്നു. ഇതില്‍ ഏവരും ജാഗ്രത പാലിക്കണമെന്ന് മലയാളി അസോസിയേഷനുകള്‍ അറിയിച്ചു. മോഷണം വ്യാപകമായതോടെ മാഞ്ചസ്ററിലെ വിവിധ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമാര്‍ സംയുക്തമായി ജനപ്രതിനിധികള്‍ക്കും മേയര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുന്നതിനും തങ്ങളുടെ ആശങ്ക അറിയിക്കുന്നതിനും തീരുമാനമായി. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ കൈമാറും. ഓക്സ്ഫോര്‍ഡ്, ബ്രിസ്റോള്‍, നോട്ടിംഗ്ഹാം തുടങ്ങിയ സ്ഥലങ്ങളിലും അടുത്തിടെ വന്‍ മോഷണങ്ങള്‍ നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല