സാബു ചുണ്ടക്കാട്ടില്‍: പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് കൊടിയേറുവാന്‍ 16 നാളുകള്‍ മാത്രം അവശേഷിക്കേ തിരുന്നാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നു. വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. 26, ഞായറാഴ്ച വൈകുന്നേരം 5 നു ഇടവക വികാരിയും ഷ്രൂസ്ബറി രൂപതയുടെ സീറോ മലബാര്‍ ചാപ്ലിയനുമായ റവ. ലോനപ്പന്‍ അരങ്ങാശ്ശേരി ഇടവക ജനത്തെ സാക്ഷ്യം നിര്‍ത്തി കൊടിയേറ്റ് നിര്‍വ്വഹിക്കുന്നതോടെ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
ഇതേ തുടര്‍ന്ന് നടക്കുന്ന അത്യാഘോഷപ്പൂര്‍വ്വമായ ദിവ്യബലി മദ്ധ്യേ പ്രസുദേന്തി വാഴ്ചയും, വിശുദ്ധ വസ്തുക്കളുടെ വെഞ്ചെരിപ്പും നടക്കും. ദിവ്യബലിയെ തുടര്‍ന്ന് നാട്ടിലെ തിരുന്നാള്‍ കാഴ്ചകളിലെ മുഖ്യ ആകര്‍ഷണമായ ഉത്പന്ന ലേലവും നടക്കും. ഇടവകയിലെ കുടുംബങ്ങള കാലങ്ങളായി പള്ളിക്ക് നല്‍കുന്ന ഭക്ഷണ സാധനങ്ങളും പച്ചക്കറികളും അടക്കമുള്ള സാധനങ്ങളാണ് ലേലത്തില്‍ അണിനിരക്കുന്നത്.
പിന്നീട് മുപ്പതാം തീയതി വരെ ദിവസവും വൈകുന്നേരം 5ന് ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. പ്രധാന തിരുന്നാള്‍ ദിനങ്ങളായ ജൂലൈ ഒന്നാം തീയതി വൈകുന്നേരം 4 മുതലും, ജൂലൈ രണ്ടാം തീയതി രാവിലെ 10 മുതലും അത്യാഘോഷപ്പൂര്‍വ്വമായ ദിവ്യബലി നടക്കും. ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 ന് വിഥിന്‍ ഷോ ഫോറം സെന്ററില്‍ പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണനും ഏഷ്യാനെറ്റ് ടാലന്റ് കണ്‍ടസ്റ്റ് വിന്നറും മികച്ച ഗായകനുമായ രാജേഷ് രാമനും അണി നിരക്കുന്ന ഗാനമേള നടക്കും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 2, ശനിയാഴ്ച രാവിലെ 10 ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഷ്രൂസ്ബറി രൂപത ബിഷപ്പ് മാര്‍ക്ക് ഡേവീസ് എന്നിവര്‍ അത്യാഘോഷപ്പൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബ്ബാനയില്‍ കാര്‍മ്മികരാകും.
തുടര്‍ന്ന് വര്‍ണ്ണ ശമ്പളമായ തിരുന്നാള്‍ പ്രദക്ഷിണവും ഊട്ട് നേര്‍ച്ചയും സ്‌നേഹവിരുന്നും നടക്കും. പള്ളി പരിസരത്തു മാതൃവേദിയുടെ വിവിധങ്ങളായ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇവിടെ നിന്നും മിതമായ നിരക്കില്‍ സാധനങ്ങള ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കുട്ടികള്‍ക്കായുള്ള മാജിക് ഷോയും വിവിധങ്ങളായ ഗെയിം സ്റ്റാളുകളും പള്ളി പരിസരത്ത് ഉണ്ടായിരിക്കും.
ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ വിഥിന്‍ ഷോ ഫോറം സെന്ററില്‍ ബിജു നാരായണന്റെ ഗാനമേളക്ക് തുടക്കമാകും. ഗാനമേളക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണ്. സൗജന്യ പാസ് വേണ്ടവര്‍ തിരുന്നാള്‍ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടണം.
യുകെയുടെ മലയാറ്റൂര്‍ ആയ മാഞ്ചസ്റ്ററില്‍ നടക്കുന്ന ഭാരത അപ്പസ്‌തോലന്‍ മാര്‍. തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്ക് ചേരുവാന്‍ ഏവരെയും മാഞ്ചസ്റ്റര്‍ മലയാളികളുടെ ആത്മീയ ഗുരു റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല