മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന്റെ മലയാറ്റൂര്‍ എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്തോലന്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്റാന തിരുന്നാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പതിവ് പോലെ ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച ആയ ഏഴാം തീയ്യതിയാണ് ഇക്കുറിയും തിരുന്നാള്‍ നടക്കുക. താമരശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ രെമേജിയോസ് ഇഞ്ചനാനിയില്‍ തിരുന്നാള്‍ കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികന്‍ ആകുവാന്‍ നാട്ടില്‍ നിന്നും എത്തിച്ചേരും. ശ്രൂശ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ടെവിടും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വൈദികരും തിരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷപൂര്‍വ്വമായ പൊന്നിഫിക്കല്‍ കുര്‍ബ്ബാനയില്‍ കാര്‍മികരാകും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.
ആംഗലേയ ആര്‍ഷ ബഹരത സംസ്കാരവും പൌരസ്ത്യ-പാശ്ചാടഹ്യ സഭാ പാരമ്പര്യവും കോര്‍ത്തിണക്കി ഏഴാം വര്‍ഷവും ഏറെ അഭിമാനപൂര്‍വ്വം നടക്കുന്ന ദുക്റാന തിരുനാളില്‍ പങ്കെടുക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഒഴുകിയെത്തും. രാവിലെ കൊടിയേറ്റ് നടക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഉച്ചകഴിഞ്ഞു രണ്ടിന് അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും സ്വീകരിച്ചു സെന്റ് ആന്റണീസ് ദേവാലയത്തിന്റെ കമനീയമായ ആള്‍ത്താരയിലേക്ക് ആനയിക്കുന്നതോടെ ആഘോഷപൂര്‍വ്വമായ പൊന്നിഫിക്ക്കള്‍ കുര്‍ബ്ബാനയ്ക്ക് തുടക്കമാകും.
തിരുന്നാള്‍ കുര്‍ബ്ബാനയെ തുടര്‍ന്നു ഒട്ടേറെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും കൊടി തോരണങ്ങളും മുത്തുകുടകളും അകമ്പടിയോടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മ നിവൃതിയുടെ നവ്യാനുഭവമാകും. തിരുന്നാള്‍ പ്രദക്ഷിണം കണ്കുളിര്‍ക്കെ കാണാന്‍ ഇംഗ്ലീഷ് കമ്യൂണിറ്റിയില്‍ പെട്ടവരും റോഡിന്റെ ഇരുവശങ്ങളിലും തടിച്ചു കൂടും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദവും ഊട്ട് നേര്‍ച്ചയും നടക്കും. കഴിഞ്ഞ വര്‍ഷത്തെ തിരുന്നാളില്‍ വെച്ചുവാണിഭ കടകള്‍ മുതല്‍ തട്ടുകടകള്‍ വരെ നൈനിരന്നത് ഏറെ വാര്‍ത്താ പ്രാധാന്യംനേടിയിരുന്നു.
കേരള ഫുഡ്‌ഷോപ്പുകള്‍, ഫണ്‍ഫെയറുകള്‍, തട്ടുകടകള്‍, ഗെയിംസ്, യുവജന സംഘട്നകളുടെ സ്കാലുകള്‍, ബൌന്‍സിംഗ് കസിലുകള്‍ എന്നിവയും തിരുന്നാളിനോട് അനുബന്ധിച്ച് അണിനിരക്കുന്നു. ഈ വര്‍ഷവും വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഭാരത അപ്പസ്തലോന്റെ ദുക്റാന തിരുന്നാളില്‍ പങ്കെടുക്കുവാന്‍ ഇംഗ്ലണ്ടിന്റെ മലയാറ്റൂരിലേക്ക് യുകെയില്‍ എമ്പാടുമുള്ള മുഴുവന്‍ ആളുകളെയും ഷര്ഷബറി രൂപതാ ചാപ്ലയിന്‍ സാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല