മൂന്നു തവണ യൂറോപ്യന്‍ ചാംപ്യന്മാരും നിലവിലുള്ള പ്രീമിയര്‍ ലീഗ് ജേതാക്കളുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീം ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി.
സ്വിറ്റ്‌സര്‍ലാന്‍ഡ് ഫുട്‌ബോള്‍ ടീമായ ബാസെലിനോട് 2-1ന് നാണം കെട്ട് തോറ്റാണ് വിഖ്യാത കോച്ച് അലെക്‌സ് ഫെര്‍ഗൂസന്റെ ടീം മടങ്ങുന്നത്. വെയ്ന്‍ റൂണി, നാനി, ഗിഗ്‌സ്, ഫെര്‍ഡിനാന്റ്, വിഡിക് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ അണിനിരന്നിട്ടും പ്രീമിയര്‍ ലീഗ് ടീം തോറ്റ് തുന്നം പാടിയെന്നതാണ് സത്യം.
ഗോള്‍കീപ്പിങിലെ പിഴവ് തുടക്കം മുതല്‍ പ്രകടമായിരുന്നു. ഒമ്പതാം മിനിറ്റില്‍ സ്‌ട്രെല്ലറിലൂടെ ആതിഥേയര്‍ മുന്നിലെത്തി. രണ്ടാമത്തെ ഗോള്‍ പിറക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു. ഷാകിരിയുടെ അളന്നുമുറിച്ച ക്രോസ് ബാക്ക് പോസ്റ്റിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ അലെക്‌സ് ഫ്രെയ്ക്ക് ആളൊഴിഞ്ഞ നെറ്റിലേക്ക് പന്തിനെ നയിക്കേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചു മിനിറ്റിനുശേഷം ജോണ്‍സിലൂടെ ഇംഗ്ലീഷ് ടീം ആശ്വാസ ഗോള്‍ കണ്ടെത്തി.
ഗ്രൂപ്പ് സിയില്‍ ബെന്‍ഫിക്കയാണ് ഏറ്റവും മുന്നില്‍. ആറു മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റാണുള്ളത്. ഇത്ര തന്നെ മല്‍സരങ്ങളില്‍ നിന്ന് ബാസെല്‍ 11ഉം യുനൈറ്റഡ് ഒമ്പതും പോയിന്റ് നേടി. ചെല്‍സി, എസിമിലാന്‍, മാഴ്‌സെ തുടങ്ങിയ ടീമുകള്‍ നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല