സ്വന്തം ലേഖകന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ തമ്മില്‍ കുടിപ്പക വര്‍ദ്ധിക്കുന്നു, മാഞ്ചസ്റ്റര്‍ യുണൈറ്റൈഡിന്റെ ബസിനു നേരെ വെസ്റ്റ് ഹാം ആരാധകരുടെ ആക്രമണം. അറ്റകുറ്റ പണിക്കായി ഒരുങ്ങൂന്ന ഉപ്ടണ്‍ പാര്‍ക്കിലെ ബൊളേണ് സ്റ്റേഡിയത്തിലെ അവസാന മത്സരത്തിനായി ടീം എത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോള്‍ കളിക്കാരും ടീമും മാനേജര്‍മാരും മറ്റ് ഒഫീഷ്യലുകളും ബസില്‍ ഉണ്ടായിരുന്നു. ബസിന് കാര്യമായ കേടുപാടു സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മൈതാനത്തിന് തൊട്ടടുത്ത ഗ്രീന്‍ സ്ട്രീറ്റിലൂടെ വരുമ്പോഴായിരുന്നു ആക്രമണം. കല്ലേറില്‍ 1,200 പൗണ്ടിന്റെ നാശനഷ്ടം ഉണ്ടായി. വെസ്റ്റ്ഹാമിന്റെ ഉപ്ടണ്‍ പാര്‍ക്കിലെ ബോളേയ്ന് ഗ്രൗണ്ട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് സഘടിപ്പിച്ച അവസാന മത്സരത്തില്‍ വെസ്റ്റ്ഹാം 32 ന് ജയിക്കുകയും ചെയ്തു. വൈകുന്നേരം നടക്കേണ്ട മത്സരത്തിനായി കേവലം മിനിറ്റുകള്‍ക്ക് മുമ്പാണ് മാഞ്ചസ്റ്റര്‍ ടീമിന്റെ ബസ് സ്റ്റേഡിയത്തിലേക്ക് വന്നത്. ഈ സമയം തെരുവില്‍ അനേകം വെസ്റ്റ്ഹാം ആരാധകര്‍ ഉണ്ടായിരുന്നു.
ബസ് സ്റ്റേഡിയത്തിന് ഏതാനും ദൂരെ എത്തിയപ്പോള്‍ അതുവരെ ശാന്തരായിരുന്ന ആരാധകര്‍ പെട്ടെന്ന് പ്രകോപിതരാകുകയായിരുന്നു. ബസിന് നേരെ കുപ്പികളും സ്ഫോടക വസ്തുക്കളും പുകയുന്ന വെടിമരുന്നും മറ്റും എറിയുകയും വാഹനത്തില്‍ ഉണ്ടായിരുന്നു കളിക്കാര്‍ അലറുകയും ഒച്ച വെയ്ക്കുകയും തറയില്‍ കിടക്കുകയുമൊക്കെ ചെയ്യുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു.
മാഞ്ചസ്റ്റര്‍ ടീം നേരത്തേ വന്നിരുന്നെങ്കില്‍ ഈ ആക്രമണം ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നായിരുന്നു വെസ്റ്റ് ഹാം പ്രതികരിച്ചത്. വാഹനം തകര്‍ത്തത് അത്ര നല്ല കാര്യമല്ലെന്നും ഈ ചിത്രങ്ങള്‍ നിങ്ങളെ ഞെട്ടിക്കുമെന്നും നായകന് വെയ്ന്‍ റൂണി പറഞ്ഞു. യുണൈറ്റഡ് പരിശീലകന് ലൂയിസ് വാന്‍ ഗാലും ആശങ്ക രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല