സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മണ്ടേല ഫോണുകള്‍ ഇറക്കുന്നു. വര്‍ണവിവേചനത്തിന് എതിരായ പോരാട്ടങ്ങളുടെ പ്രതീകമായ നെല്‍സണ്‍ മണ്ടേലയുടെ വിദ്യാഭ്യാസ വീക്ഷണങ്ങള്‍ സങ്കേതിക വിദ്യയിലൂടെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ കുട്ടികളെ ഉന്നംവച്ചാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റിന്റെ ജീവിതവും കാലവും മുന്‍കൂട്ടി ആലേഖനം ചെയ്യപ്പെട്ട കൈയിലൊതുങ്ങുന്ന വിലയിലുള്ള മൊബൈല്‍, ടാബ്ലറ്റുകള്‍ എന്നിവ വിപണിയിലെത്തുന്നത്. നെല്‍സണ്‍ മണ്ടേല ലോങ് വാക്ക് ടു ഫ്രീഡം ഫൗണ്ടേഷനുമായി ചേര്‍ന്ന് എ.ജി മീഡിയയാണ് മണ്ടേല ദിനത്തിലെ പ്രാരംഭ പദ്ധതിയെന്ന നിലയില്‍ ഈ ആശയം നടപ്പില്‍ വരുത്തിയത്.
മണ്ടേലയുടെ 98 ആം ജന്മദിനമായ തിങ്കളാഴ്ച അദ്ദേഹത്തെ അനുസ്മരിക്കുന്ന ദശലക്ഷക്കണക്കിന് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് 67 മിനിറ്റ് ദൈര്‍ഘ്യമുള്ള കമ്യൂണിറ്റി സര്‍വിസ് ഇതിലൂടെ ലഭ്യമാക്കാനൊരുങ്ങുകയാണ് സംഘാടകര്‍. മണ്ടേലയുടെ ചിത്രങ്ങള്‍, വാള്‍പേപ്പറുകള്‍, ഉദ്ധരണികള്‍ തുടങ്ങിയവക്കൊപ്പം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. മണ്ടേലയുടെ യാത്രകളെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ആപ്പും ഇതിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല