സ്വന്തം ലേഖകന്‍: മന്ത്രി ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുരുക്കാന്‍ ഫോണ്‍ വിളിച്ചത് മാധ്യമ പ്രവര്‍ത്തക, മാപ്പു പറഞ്ഞ് തലയൂരാന്‍ മംഗളം ചാനലിന്റെ ശ്രമം, സമൂഹ മാധ്യമങ്ങളില്‍ തെറിയഭിഷേകം, ചാനലിന്റെ ഡപ്യൂട്ടി ന്യൂസ് എഡിറ്ററും രാജിവച്ചു.പരാതി നല്‍കാനെത്തിയ ഒരു വീട്ടമ്മയുമായി മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് നടത്തിയ സ്വകാര്യ സംഭാഷണം മന്ത്രിയെ കുരുക്കാനായി ആസൂത്രണം ചെയ്തതാണെന്ന് ചാനലില്‍ നടത്തിയ പ്രസ്താവനയിലാണ് മംഗളം കുറ്റസമ്മതം നടത്തിയത്.
വീട്ടമ്മയോടല്ല, ചാനല്‍ റിപ്പോര്‍ട്ടറോടാണ് ശശീന്ദ്രന് സംസാരിച്ചതെന്നും സ്റ്റിങ് ഓപ്പറേഷനാണ് നടത്തിയതെന്നും തെറ്റ് പറ്റിയതാണെന്നും മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ സമ്മതിച്ചു. മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണത്. സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് അതിനായി നിയോഗിച്ചത്. വാര്‍ത്ത പുറത്തുവന്നതിനുശേഷം മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അതില്‍ പലരും ഞങ്ങളുടെ ഗുരുസ്ഥാനീയരുമാണ്. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു.
സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്ന വ്യാപക വിമര്‍ശനങ്ങളും തങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുകയാണ്. വാര്‍ത്ത പൂര്‍ണരൂപത്തില്‍ മുന്‍കരുതലെടുക്കാതെയാണ് സംപ്രേഷണം ചെയ്തത്. ഇത് തിരിച്ചറിയുന്നു. വ്യാപകമായ സത്യവിരുദ്ധ പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സംഭവിച്ച തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. തിന്മക്കെതിരായ പോരാട്ടം മംഗളം തുടരും. ഒരു വീഴ്ചയുടെ പേരില്‍ ഈ മാധ്യമ സംരംഭത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തുമെന്നും അജിത്ത് പറഞ്ഞു.
എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണം ചാനലിലെ മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തതാണെന്ന് മംഗളം സിഇഓ അജിത്കുമാര്‍ കുമ്പസാരം നടത്തിയതിന് പിന്നാലെ മംഗളം ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം എം രാഗേഷ് പാലാഴിയും മംഗളം വയനാട് റിപ്പോര്‍ട്ടര്‍ ദീപക് മലയമ്മയും ചാനലില്‍ നിന്ന് രാജിവെച്ചു. രാജിവെച്ച രാഗേഷ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപിച്ചത്. മാനേജ്മെന്റ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ചാണ് സംഭാഷണം പുറത്ത് വന്നതിന് ശേഷം ചാനലില്‍ തുടര്‍ന്നതെന്നും രാഗേഷിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലമില്ല. ബോംബ് വര്‍ഷിക്കുന്നത് കണ്ടു നില്ക്കാന് ത്രാണിയില്ലാത്തത് കൊണ്ട് നിര്‍ത്തിയെന്നും ദീപക് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മംഗളം ചാനലിന്റെ ഖേദപ്രകടനം സ്വാഗതം ചെയ്ത മുന്‍ മന്ത്രി എകെ ശശീന്ദ്രന് ഖേദം പ്രകടിപ്പിച്ചത് നല്ലതാണെന്നും അതിനുള്ള നന്ദി അറിയിക്കുന്നതായും പ്രതികരിച്ചു. തുടര്‍ന്നുള്ള കാര്യങ്ങള്‍ പാര്‍ട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും വാര്‍ത്തയെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്ന എകെ ശശീന്ദ്രന് പറഞ്ഞു.മംഗളം ചാനല്‍ മാര്‍ച്ച് 26 ഞായറാഴ്ച അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് പുറത്തുവിട്ട ലൈംഗിക ചുവയുളള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് രാജിവെക്കുന്നത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടന്നത്.
അതിനിടെ സമൂഹ മാധ്യമങ്ങളിലും ചാനലിനും മേധാവികള്ക്കെമെതിരെ ജനരോഷം തിളക്കുകയാണ്. തെറികള്‍ അടക്കം രൂക്ഷമായ കമന്റുകളാണ് മംഗളം ചാനലിനെതിരെ പ്രചരിക്കുന്നത്. ട്രോളന്മാരും ചാനലിനു പറ്റിയ പറ്റ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ചാനല്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ച മാധ്യമ പ്രവര്‍ത്തകരുടെ പോസ്റ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചാനലിനെതിരെ സാസംകാരിക നായകരും മാധ്യമപ്രവര്‍ത്തകരും ജനങ്ങളും ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. വിവാദ ചാനലിന് മാപ്പില്ലെന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല