സ്വന്തം ലേഖകന്‍: മാന്‍ഹട്ടന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്‍. സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ അഹമ്മദ് ഖാന്‍ റഹാമിയെ കുടുക്കാന്‍ സഹായിച്ചത് ന്യൂജേഴ്‌സിയില്‍ ബാര്‍ ഉടമയായ ഹരീന്ദര്‍ ബെയിന്‍സിന്റെ അവസരോചിത നീക്കമാണ്.
ഹരീന്ദറിന്റെ ബാറിനു മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന അഹമ്മദിനെ ആരോ തന്റെ ബാറിനു മുന്നില്‍ കുടിച്ച് ബോധംകെട്ട് കിടക്കുകയാണെന്ന് കരുതി ഉണര്‍ത്താനായി അരികിലേക്ക് ചെന്നപ്പോഴാണ് താന്‍ അല്‍പ്പം മുന്‍പ് വാര്‍ത്തയില്‍ കണ്ട ഭീകരാക്രമണ കേസിലെ പ്രതിയാണ് അതെന്ന് തിരിച്ചറിഞ്ഞത്. ഹരീന്ദര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു.
എന്നാല്‍ പോലീസ് എത്തിയതോടെ അഹമ്മദ് തന്റെ കൈയിലുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിക്കാന്‍ തുടങ്ങി. അതില്‍ ഒന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചില്‍ കൊള്ളുകയും ചെയ്തു.
അഹമ്മദിനെതിരെയും പോലീസ് നിറയൊഴിച്ചു. ശരീരത്തില്‍ വെടിയേറ്റ് വീണ അഹമ്മദിനെ സ്‌ട്രെച്ചറിലാണ് കൊണ്ടുപോയത്. ആക്രമിയെ പിടിച്ചതോടെ ന്യൂജേഴ്‌സിയിലെ ഹീറോ ആയിരിക്കുകയാണിപ്പോള്‍ ഹരീന്ദര്‍.
ശനിയാഴ്ച രാത്രി എട്ടരയോടെ മാന്‍ഹട്ടനിലെ തിരക്കേറിയ തെരുവിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല