1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2017

സ്വന്തം ലേഖകന്‍: മന്‍ഹാറ്റന്‍ ബസ് സ്റ്റേഷന്‍ ചാവേര്‍ സ്‌ഫോടനം, ആക്രമണം നടത്തിയത് ബംഗ്ലാദേശ് കുടിയേറ്റക്കാരനായ 27 കാരന്‍, സ്‌ഫോടനത്തിനു മുമ്പ് ട്രംപിനെ വിമര്‍ശിച്ച് ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗ്ലദേശ് വേരുകളുള്ള അകായദ് ഉല്ല (27)യ്‌ക്കെതിരെയാണു കേസ്. ഐഎസ് അനുഭാവിയായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് ദേഹത്തു പൈപ്പ് ബോംബ് വച്ചു കെട്ടി ചാവേറാകാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ ഭീകരവാദകുറ്റം ചുമത്തി.

സംഭവത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു. ഉല്ല ദേഹത്തു പൈപ്പ് ബോംബ് കെട്ടിവച്ചാണു സ്‌ഫോടനം നടത്തിയതെന്നു പൊലീസ് പറഞ്ഞു. നാടന്‍ ബോംബ് ഭാഗികമായി പൊട്ടിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടാക്കാനായില്ല. സ്‌ഫോടനത്തില്‍ ഇയാള്‍ക്കും പരുക്കേറ്റു. ടൈംസ് സ്‌ക്വയറിനു സമീപം ബസ് ടെര്‍മിനലും മെട്രോ സ്റ്റേഷനും ഉള്‍പ്പെടുന്ന പോര്‍ട് അതോറിറ്റി അടിപ്പാതയിലായിരുന്നു സ്‌ഫോടനം.

ബോംബ് സ്‌ഫോടനം നടത്തുന്നതിനു മുന്നോടിയായി ഉല്ല യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതായും പൊലീസ് പറയുന്നു. ‘നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ ട്രംപ്, നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു പോസ്റ്റ്. പിടിയിലായ ഭീകരന് ബംഗ്ലദേശില്‍ ഭാര്യയും കുഞ്ഞുമുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റുവിവരങ്ങളും പരിശോധിക്കുന്നുണ്ട്.

ഗുരുതര പരുക്കേറ്റ ഉല്ല ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ ഒറ്റയ്ക്കാണു കൃത്യം നിര്‍വഹിച്ചതെന്നു പൊലീസ് പറ!ഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരിക്കാന്‍ ഒരുങ്ങിയാണ് താന്‍ എത്തിയതെന്ന് ഉല്ല പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഐഎസുമായി ബന്ധമുണ്ടെന്നു സമ്മതിച്ച ഇയാള്‍ ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.