മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്‌നം നമ്മുടെ രാഷ്ട്രീ പാര്‍ട്ടികളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുകയാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. അനുദിനം പ്രസ്താവനകളിറക്കിയും സമരപ്രഖ്യാപനം നടത്തിയ ഓരോ കക്ഷിയുടേയും നേതാക്കന്മാര്‍ മുല്ലപ്പെരിയാര്‍ വിഷയം സ്വന്തം പാര്‍ട്ടിയ്ക്ക് ഗുണകരമാകത്തക്കതവിധത്തില്‍ ചൂടാക്കിത്തന്നെ നിര്‍ത്തുന്നുണ്ട്.
അണക്കെട്ട് പ്രശ്‌നം കൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനമുണ്ടാക്കിയിരിക്കുന്ന പാര്‍ട്ടി കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് ആണെന്നത് വാസ്തവമാണ്. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളായ മാണിയും ജോസഫും ശക്തമായിട്ടാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. പുതിയ അണക്കെട്ട് പണിതില്ലെങ്കില്‍ മരണംവരെ നിരാഹാരമിരിക്കുമെന്ന് ജോസഫും പത്തുദിനത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് മാണിയും അന്ത്യശാസനം നല്‍കിക്കഴിഞ്ഞു.
പത്തുദിവസം കഴിഞ്ഞാല്‍ കളിമാറുമെന്ന് മാണി പറഞ്ഞിരിക്കുന്നത് വെറുതയല്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. 10 ദിവസം കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ശരിയായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തന്റെ എം എല്‍ എമാരെയും എം പിമാരെയും രാജിവയ്പ്പിക്കാന്‍ മാണി ശ്രമിക്കുമെന്നാണ് കേള്‍ക്കുന്നത്. വേണ്ടിവന്നാല്‍ മാണിയും രാജിവെച്ചേയ്ക്കുമെന്നും കേള്‍ക്കുന്നു.
കേന്ദ്രത്തില്‍ അത് വലിയ പ്രശ്‌നമാവില്ലെങ്കിലും അങ്ങനെയൊരു നടപടിയുണ്ടായാല്‍ കേരള സര്‍ക്കാര്‍ നിലംപൊത്തുമെന്നകാര്യത്തില്‍ സംശയമില്ല. അണക്കെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ രാജിവെയ്ക്കാനും തയ്യാറാണെന്ന് ജോസഫ് നേരത്തേ പറഞ്ഞിട്ടുണ്ട്. ഇതും വെറുവാക്കല്ല, ജോസഫ് ഏതാണ് ഇക്കാര്യം തീരുമാനിച്ചുകഴിഞ്ഞ മട്ടാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ജോസഫ് യുഡിഎഫ് വിട്ട് വീണ്ടും എല്‍ഡിഎഫില്‍ ചേര്‍ന്നേയ്ക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനൊപ്പം കേരള കോണ്‍ഗ്രസിന്റെ ഈ നിലപാടുകൂടിയായതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുഴഞ്ഞ മട്ടാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം സ്വന്തം സര്‍ക്കാറിനെ വീഴാതെ നിര്‍ത്തേണ്ടതും ചാണ്ടിയുടെ ബാധ്യതയാണ്. ഇതിനിടെയാണെങ്കില്‍ പിറവം ഉപതിരഞ്ഞെടുപ്പും വരുന്നു.
മുല്ലപ്പെരിയാറിന്റെ പേരില്‍ മാണിയുടെ സമ്മര്‍ദ്ദരാഷ്ട്രീയത്തിന് വഴങ്ങരുതെന്നതാണ് യുഡിഎഫില്‍ പൊതുവേയുള്ള അഭിപ്രായം. ബാലകൃഷ്ണ പിള്ളയല്ലാതെ മറ്റാരും ഈ അഭിപ്രായം തുറന്ന് പറഞ്ഞിട്ടില്ല. മാണിയ്‌ക്കെതിരെ മുസ്ലീം ലീഗ് മിണ്ടാനയമാണ് സ്വീകരിച്ചിരിക്കുന്നത്.
എന്തായാലും മുല്ലപ്പെരിയാറിന്റെ മര്‍മ്മമറിഞ്ഞാണ് മാണി കളിക്കുന്നതെന്നകാര്യത്തില്‍ സംശയമില്ല. മന്ത്രിപ്പണി പോയാലും സര്‍ക്കാര്‍ വീണാലും ഭാവിയില്‍ക്കൂടി പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുന്നതരത്തിലുള്ള നപടികള്‍ക്ക് മുതിരാന്‍ മാണി മടിച്ചേക്കില്ലെന്നാണ് കേള്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല