സ്വന്തം ലേഖകന്‍: മനിലയിലെ കാസിനോയില്‍ ആക്രമണം നടത്തി 36 പേരെ കൊന്നത് പണം നഷ്ടപ്പെട്ട ചൂതാട്ടക്കാരന്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം വ്യാജമെന്ന് പോലീസ്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ കാസിനോയില്‍ വെള്ളി!യാഴ്ച ആക്രമണം നടത്തി 36 പേരെ കൊലപ്പെടുത്തിയത് 42 കാരനായ ഹെസി ഹാവിയര്‍ കാര്‍ലോസ് എന്ന ചൂതാട്ടക്കാരനാണെന്ന് പോലീസ് വ്യക്തമാക്കി.
കാര്‍ലോസ് ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും പോലീസ് മേധാവി ഓസ്‌കര്‍ അല്‍ബയാല്‍ഡെ പത്രസമ്മേളനത്തില്‍ അറിയിച്ചു.ആക്രമണത്തിനുശേഷം കാര്‍ളോസ് ഹോട്ടല്‍മുറിയില്‍ സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. കാസിനോ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു നേരത്തെ ഐഎസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കടംവീട്ടാന്‍ നിര്‍വാഹമില്ലാതെ കൊള്ളയടിക്കാനാണ് ചൂതാട്ടക്കാരനായ കാര്‍ളോസ് റിസോര്‍ട്‌സ് വേള്‍ഡ്മനിലയിലെ കാസിനോയ്ക്കു തീവച്ചതെന്നു പോലീസ് മേധാവി പറഞ്ഞു.
ഐഎസുമായി കാര്‍ളോസിനു യാതൊരു ബന്ധവുമില്ല. ചൂതാട്ടത്തില്‍ വന്‍ തുക നഷ്ടമായ കാര്‍ളോസിനു 81000 ഡോളറിന്റെ കടമുണ്ടായിരുന്നു. നേരത്തെ നികുതി വകുപ്പില്‍ ജോലിയുണ്ടായിരുന്ന ഇയാള്‍ക്ക് ചൂതാട്ടം മൂലം ജോലിയും നഷ്ടപ്പെട്ടു. റൈഫിളും തോള്‍ബാഗിലെ കുപ്പിയില്‍ പെട്രോളുമായി കാസിനോയിലെത്തിയ അക്രമി മേശകള്‍ക്കും സ്‌ളോട് മെഷീനുകള്‍ക്കും കാര്‍പ്പറ്റുകള്‍ക്കും തീവച്ച ശേഷം സ്റ്റോര്‍ മുറിയിലെത്തി മോഷണം നടത്തുകയായിരുന്നു. പുക ശ്വസിച്ചു ശ്വാസംമുട്ടിയാണു മിക്കവരും മരിച്ചത്.
കാസിനോ പ്രവര്‍ത്തിച്ച റിസോര്‍ട്‌സ് വേള്‍ഡ് മനില ഹോട്ടല്‍ സമുച്ചയത്തില്‍ ആ സമയം 12000ല്‍ അധികം പേരുണ്ടായിരുന്നു. കാര്‍ളോസ് ഭീകരനായിരുന്നെങ്കില്‍ കഴിയാവുന്നത്ര പേരെ വെടിവച്ചു കൊലപ്പെടുത്തുമായിരുന്നുവെന്ന് പോലീസ് മേധാവി ഓസ്‌കര്‍ ചൂണ്ടിക്കാട്ടി. കാസിനോ ആക്രമണത്തിനു പിന്നില്‍ ഐഎസ് അല്ലെന്നു നേരത്തെ പ്രസിഡന്റ് ഡുട്ടെര്‍ട്ടെയും വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല